കൊല്ലം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനവിധി തേടി കൊറോണയും. ഈ വാര്‍ത്ത കേട്ട് ഒന്ന് അമ്പരക്കുമെങ്കിലും കൊല്ലം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥിയാണെന്നറിയുമ്പോള്‍ കൗതുകം കൂടും. മതിലില്‍ ഡിവിഷനില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായാണ് കൊറോണ തോമസ് ജനവിധി തേടുന്നത്. ഇതെന്താ പേരിങ്ങനെ എന്ന് ചോദിച്ചാല്‍ കൊറോണ തോമസ് തന്നെ ഉത്തരം പറയും.
"ഇരട്ടമക്കളില്‍ ഒരാളാണ് ഞാന്‍. ഇരട്ടകളായപ്പോള്‍ അച്ഛന് പേരില്‍ എന്തെങ്കിലും പുതുമ വേണമെന്ന് തോന്നി. അങ്ങനെയാണ് സഹോദരന് കോറല്‍ എന്നും തനിക്ക് കൊറോണ എന്നും പേരിട്ടത്. കൊറോണയെന്നാല്‍ പ്രകാശവലയം എന്നാണ് അര്‍ഥം".
ഭര്‍ത്താവ് ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ്. നാട്ടില്‍ കൊറോണയെ പേടിച്ച് ജനം വീട്ടിലിരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് കൊറോണ തോമസ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നത്. കൊറോണ വൈറസിനെ ലോകമറിയുന്നതിന് മുമ്പ് ഈ പേര് കേള്‍ക്കുമ്പോള്‍ മിക്കവരും കളിയാക്കിയിരുന്നുവെന്നും എന്നാല്‍ വൈറസ് പടര്‍ന്നതോടെ എങ്ങും ശ്രദ്ധാകേന്ദ്രമായെന്നും ഈ യുവതി പറയുന്നു.
'ഈ പുതുമയും ശ്രദ്ധ'യും വോട്ടായി മാറ്റാൻ കൊറോണ തോമസ് ഭര്‍ത്താവ് ജിനു തോമസിനൊപ്പമാണ് നാട്ടുകാരോട് വോട്ടഭ്യര്‍ഥിക്കാനെത്തുന്നത്.
കൈക്കുഞ്ഞിനെ നോക്കാനായി ഇടയ്ക്കിടെ വീട്ടിലോടി എത്തുന്ന കൊറോണ തോമസ് ഈ ഉത്സാഹം വിജിയിച്ചു വന്നാലും ഉണ്ടാവുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുന്നു. മകളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി അച്ഛന്‍ കാട്ടുവിളയിൽ തോമസ് മാത്യുവും അമ്മ ഷീബയും ഒപ്പമുണ്ട്.