കൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി മാത്യൂസ് എബ്രഹാമിന്‍റെ വീട്ടില്‍ രണ്ട് ബൈബിളുകളുണ്ട്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരുപോലെയാണെന്ന് തോന്നിക്കുന്നവ. രണ്ടും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് കണ്ടെത്താന്‍ പറഞ്ഞാല്‍ ആരുമൊന്ന് കുഴങ്ങും. പക്ഷേ ചോദ്യം മാത്യൂസിനോടാണെങ്കില്‍ അദ്ദേഹം പറയും, ഒന്ന് അച്ചടിച്ച ബൈബിളും മറ്റൊന്ന് സ്വന്തം കൈപ്പടയാല്‍ എഴുതി തയ്യാറാക്കിയ ബൈബിളുമാണെന്ന്.
ഇക്കണോമിക്‌സ് അധ്യാപകനായിരുന്ന മാത്യൂസ് ബാംഗ്ലൂർ ബൈബിൾ സൊസൈറ്റിയുടെ ബൈബിൾ അതേപടി പകർത്തിയെഴുതിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ബൈബിളിലെ പുതിയ നിയമം 266 പേജുകളും പഴയ നിയമം 902 പേജുകളുമാണ് മാത്യൂസ് തന്‍റെ കൈയ്യക്ഷരത്തിൽ പകർത്തിയെഴുതിയത്. എഴുത്ത് മാത്രമല്ല, ബൈബിളിനുള്ളിലെ ചിത്രരചനയും മാത്യൂസിന്‍റേതാണ്. ജർമനിയിൽ നിന്നും കൊണ്ടുവന്ന മഷിപ്പേനയിലായിരുന്നു ബൈബിൾ വാക്യങ്ങളും ചിത്രങ്ങളുമെല്ലാം രചിച്ചത്. ഒരു പേജോ കോളമോ അധികമാകാതെ, വടിവൊത്ത അക്ഷരത്തിൽ, 52 വരികളിൽ, രണ്ട് കോളങ്ങളിലായി ബൈബിൾ എഴുതിത്തീർക്കുകയായിരുന്നു.
അച്ചടിക്കാൻ കൊണ്ടുവന്ന ബൈബിൾ പുസ്‌തകങ്ങളിലൊരെണ്ണം മാത്യൂസിന് കൊറിയയിൽ നിന്നും സ്നേഹസമ്മാനമായി ലഭിച്ചതായിരുന്നു. ഇതിലേക്ക് ഭാര്യ അന്നമ്മയുടെ പിന്തുണയാലാണ് ബൈബിൾ വാക്യങ്ങൾ പകർത്തിയെഴുതിയത്. 28 വർഷം കോളജ് അധ്യാപകനായിരുന്ന മാത്യൂസ് എല്ലാ മതഗ്രന്ഥങ്ങളും തന്‍റെ കൈപ്പടയിൽ പകർത്തിയെഴുതാനുള്ള ശ്രമത്തിലാണിപ്പോൾ.