കൊല്ലം : പത്തനാപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതി പിടിയിൽ. പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജിനെ(32) പൊലീസ് സാഹസികമായി പിന്‍തുടരുകയായിരുന്നു. രക്ഷയില്ലാതായതോടെ ഇയാള്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പന്ത്രണ്ട് വര്‍ഷമായി ജനത ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുളള പത്തനാപുരം ബാങ്കേഴ്‌സ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. മോഷ്‌ടിച്ച സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. കുമ്പഴ അച്ചൻകോവിലാറിന്‍റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്ഥാപനത്തിന്‍റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി സ്ഥാപനത്തിന്‍റെ സമീപത്തെ കാടിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
പൂജ നടത്തിയ ശേഷം കവര്‍ച്ച : മെയ് 15നാണ് പത്തനാപുരത്തെ ജനത ജംഗ്‌ഷനിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ലോക്കര്‍ പൊളിച്ച് 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ ആഭരണങ്ങളും പണവും കവര്‍ന്നത്. ഇവിടെ നിന്ന് വാഴ ഇലയില്‍ മദ്യം, വെറ്റില, പാക്ക്, മറ്റൊരു ഇലയില്‍ നാരങ്ങ, മഞ്ഞച്ചരട് കെട്ടിയ ശൂലം, മാലയിട്ട തമിഴ് ദേവന്‍റെ ചിത്രം, നിലവിളക്ക് എന്നിവ കണ്ടെടുത്തിരുന്നു. മുറിച്ച മുടിയും കുങ്കുമവും സ്ഥാപനത്തിലാകെ വിതറിയിരുന്നു.
സാധാരണ തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാസംഘങ്ങള്‍ പൂജ ചെയ്‌ത ശേഷമാണ് മോഷണം നടത്താറുള്ളത്. ഇത് മൂലം അന്തര്‍ സംസ്ഥാന സംഘമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരാണ് മോഷ്‌ടാക്കളെന്ന് വരുത്തി തീര്‍ത്ത് പൊലീസിന്‍റെ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പിന്നീട് കണ്ടെത്തി.
സ്ഥാപനത്തില്‍ സിസിടിവിയില്ല : സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചും മൊബൈൽ ടവർ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. ഇതിനിടെ സ്ഥാപനമുടമ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്‌തിരുന്നു. മൊബെൽ ടവർ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കൊട്ടാരക്ക സബ് ജയിലിലുള്ള പ്രതിയെ പത്തനാപുരം പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു. മോഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വഷണം പുരോഗമിക്കുകയാണ്.