കൊല്ലം: വാഹന പരിശോധനയ്‌ക്കിടയിൽ പൊലീസുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തെന്മല ഇടമൺ സ്വദേശി ഷൈജു ഗീവർഗീസാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. കൊട്ടാരക്കര സ്റ്റേഷനിൽ രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
വാഹന പരിശോധന നടത്തി വരവേ ഷൈജു മദ്യപിച്ച് വാഹനത്തിൽ എത്തിയെങ്കിലും വാഹന പരിശോധനയ്ക്ക് വിസമ്മതിച്ചു. തുടർന്ന് വാഹന പരിശോധന നടത്താൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും പൊലീസ് യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടർന്ന് കൊട്ടാരക്കര എസ്. ഐ രാജീവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഗലീലി ഹോട്ടലിന്‍റെ ഉടമയാണ് പിടിയിലായ ഷൈജു ഗീവർഗീസെന്ന് പൊലീസ് അറിയിച്ചു.