കൊല്ലം: സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്ന് കൊല്ലം കടയ്‌ക്കലിൽ ബസ് ഉടമയുടെ വീടിന് മുന്നിൽ കിടപ്പുരോഗിയും കുടുംബവും നടത്തുന്ന സമരം തുടരുന്നു. അഞ്ചൽ നെടിയറ സ്വദേശിയായ സോജിത്തും കുടുംബവുമാണ് കടയ്‌ക്കൽ സ്വദേശി സുബൈറിന്‍റെ വീടിനു മുന്നിൽ സമരം നടത്തുന്നത്. സുബൈർ തന്‍റെ പക്കൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തതായി സോജിത്ത് ആരോപിക്കുന്നു.
2007ലുണ്ടായ അപകടത്തിൽ സോജിത്തിന്‍റെ അരയ്ക്കു താഴെ തളർന്നുകിടക്കുകയാണ്. സാമ്പത്തിക ബാധ്യത തീർക്കാനായി സോജിത്തിന്‍റെ പേരിൽ തമിഴ്‌നാട്ടിലുണ്ടായിരുന്ന രണ്ടരയേക്കർ ഭൂമി 26 ലക്ഷം രൂപയ്‌ക്ക് സുബൈറിന് വിറ്റിരുന്നു. ആദ്യ ഗഡുവായി 20 ലക്ഷം നൽകിയ ശേഷം വസ്‌തു സുബൈർ എഴുതിവാങ്ങി.
പിന്നീട് താൻ പുതിയ കമ്പനി തുടങ്ങുകയാണെന്നും സോജിത്തിന് ജോലി നൽകാമെന്നും പറഞ്ഞ് നൽകിയ 20 ലക്ഷം തിരികെ വാങ്ങി. ഒന്നര വർഷം കഴിഞ്ഞിട്ടും ജോലി കിട്ടിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും സോജിത്ത് ആരോപിക്കുന്നു. എന്നാൽ അപ്പോഴേക്കും സോജിത്ത് കൈമാറിയ ഭൂമി സുബൈർ വിറ്റിരുന്നു. പൊലീസും പൊതുപ്രവർത്തകരും ഇടപെട്ടു നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പണം നൽകാമെന്ന് സുബൈർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പണം നൽകിയില്ലെന്നും അവധികൾ പലതും കഴിഞ്ഞതോടെയാണ് മൂന്ന് വയസുള്ള കുഞ്ഞിനെയും കൊണ്ട് സമരത്തിന് ഇറങ്ങേണ്ടി വന്നതെന്ന് സോജിത്ത് പറയുന്നു.