കൊല്ലം: ലോക് ഡൗണിനെ തുടർന്ന് വരുമാനം നിലച്ചുപോയ കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം. 149 കോടി രൂപയുടെ വായ്പ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ അറിയിച്ചു. കുടുംബശ്രീ-അയല്‍ക്കൂട്ടം വായ്പയായാണ് പദ്ധതി നടപ്പിലാക്കുക. 2019 ഡിസംബര്‍ 31ന് മുമ്പായി രൂപീകരിച്ച അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.
പ്രതിമാസ വരുമാന പരിധി 10,000 രൂപയില്‍ താഴെയാകണം. നിലവില്‍ രണ്ടിലധികം വായ്പ ബാക്കി നില്‍ക്കരുത്. ചിട്ടയായ പ്രവര്‍ത്തനവും യഥാസമയം ഓഡിറ്റ് നടത്തുന്നതുമായ അയല്‍കൂട്ടങ്ങള്‍ക്ക് മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. ഒമ്പത് ശതമാനം പലിശ നിരക്കിൽ വായ്പ എടുക്കുന്ന അയല്‍കൂട്ടങ്ങള്‍ക്ക് പലിശ തുക സര്‍ക്കാര്‍ വാര്‍ഷിക ഗഡുക്കളായി തിരികെ നല്‍കും. വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ തങ്ങളുടെ വായ്പാവശ്യം തിട്ടപ്പെടുത്തി ഡിഡിഎസുകള്‍ക്ക് സമര്‍പിക്കണം. ഇവര്‍ അര്‍ഹത പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതും തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷനിലേക്ക് അയക്കേണ്ടതുമാണ്.