കൊല്ലം: 215 രൂപയുടെ വൈദ്യുതി ബിൽ തുക അടയ്ക്കാതതിന്‍റെ പേരിൽ യുവ സംരഭകന് കെഎസ്ഇബി വക ഇരുട്ടടി. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ ഒന്നര ലക്ഷം രൂപയുടെ ഐസ്ക്രീം ഉല്‍പന്നങ്ങൾ നശിച്ചു. രണ്ടായിരത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോഴാണ് നിസാര തുക അടയ്ക്കാത്തിന്‍റെ പേരിലുള്ള ഈ നടപടി.
കൊല്ലം ആശ്രാമത്ത് രണ്ട് മാസം മുൻപ് പ്രവർത്തനം ആരംഭിച്ച എയ്സ് എന്ന ഐസ്ക്രീം പാർലർ സ്ഥാപനത്തിലേക്കുള്ള വൈദ്യുതിയാണ് മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചത്. 215 രൂപ കുടിശ്ശികയുണ്ടെന്ന് കാട്ടിയായിരുന്നു ഈ നടപടി. ഇന്നലെ പുലർച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് രാവിലെ പതിനൊന്ന് മണിയൊടെ സ്ഥാപനത്തിലെത്തിയ ജീവനക്കാർ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടോടെ മുഴുവൻ ഐസ്ക്രീം ഉൾപ്പന്നങ്ങളും നശിച്ചെന്നാണ് പരാതി. പിന്നീട് വൈദ്യുതി ഓഫിസിൽ എത്തിയപ്പോഴാണ് നിസാരതുകയ്ക്ക് ഈ നടപടിയുണ്ടായതെന്ന് വ്യക്തമായത്.
കുടിശ്ശിക തുകയുടെ വിവരം കെട്ടിട ഉടമയ്‌ക്കോ സംരഭകനോ അറിയില്ലാരുന്നു. നിസാര തുകയ്ക്ക് യുവ സംരഭകനായ തന്‍റെ മകന് നഷ്‌ടമായത് ഒന്നര ലക്ഷത്തിലധികം രൂപയാണെന്ന് പിതാവ് റെൻ പറഞ്ഞു. സംഭവത്തിൽ സംരഭകനായ രോഹിത് വൈദ്യുത വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം നിയമപരമായ കാര്യങ്ങൾ മാത്രമാണ് കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍ വർഷങ്ങളായി കൃഷിയിറക്കി വന്നിരുന്ന ഭൂമിയിൽ കൃഷി നടത്തരുതെന്നറിയിച്ച് വൈദ്യുതി വകുപ്പ് അറിയിപ്പ് നൽകിയെന്ന പരാതിയുമായി കർഷകൻ രംഗത്തെത്തിയിരുന്നു. കല്ലാർകുട്ടി തോട്ടാപ്പുര സ്വദേശി ജോർജാണ് കെഎസ്‌ഇബിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നത്. വെള്ളത്തൂവൽ പഞ്ചായത്ത് പരിധിയിൽ വരുന്ന കല്ലാർകുട്ടി തോട്ടാപ്പുരയിൽ കാരകൊമ്പിൽ ജോർജിന് അഞ്ചേക്കറോളം കൃഷിയിടമാണുള്ളത്.
2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് കൃഷിയിടത്തിൽ വ്യാപക നഷ്‌ടവും സംഭവിച്ചു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് ജോര്‍ജ് ഈ ഭൂമി വീണ്ടും പൂർണതോതിൽ കൃഷിയോഗ്യമാക്കിയത്. എന്നാല്‍ ഈ സമയത്താണ് കൃഷി നടത്തരുതെന്ന് കാണിച്ച് വൈദ്യുതി വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചതെന്നാണ് ജോര്‍ജിന്‍റെ ആക്ഷേപം. എന്നാല്‍ വൈദ്യുതി വകുപ്പിന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. മാത്രമല്ല വൈദ്യുതി വകുപ്പിനെതിരെ വിമർശനവുമായി പ്രാദേശിക ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.
സർക്കാർ നയത്തിനെതിരായി ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ ശ്രമിക്കുന്നുവെന്നറിയിച്ച് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തംഗം കെബി ജോൺസനും രംഗത്തെത്തി. കല്ലാർകുട്ടി അണക്കെട്ടിന്‍റെ തീരങ്ങളിൽ താമസിക്കുന്ന നിരവധി കർഷകർ തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതും കാത്ത് കഴിയുന്നുണ്ടെന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നും അനുകൂല ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിടെ വൈദ്യുതി വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാത്രമല്ല ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 17 ന് വൈദ്യുതി കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധവും കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു. ഒരാഴ്‌ചയ്‌ക്കിപ്പുറം സെപ്‌റ്റംബര്‍ 28ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക അന്താരാഷ്‌ട്ര മത്സരം നടക്കാനിരിക്കവെയായിരുന്നു ഇലക്‌ട്രിസിറ്റി ബോര്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വർഷത്തെ കുടിശിക ഇനത്തിൽ 2,36,00,000 രൂപ സ്‌റ്റേഡിയത്തിന്‍റെ നടത്തിപ്പുകാരായ കാര്യവട്ടം സ്‌പോർട്‌സ് ഫെസിലിറ്റിസ് ലിമിറ്റഡ് നല്‍കാനുണ്ടെന്നറിയിച്ചായിരുന്നു കെഎസ്‌ഇബിയുടെ നടപടി.