കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രധം പദാനാണ് അറസ്റ്റിലായത്. 2017 മുതൽ ഇയാൾ പെൺകുട്ടിക്കൊപ്പം ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ജോലിക്കായി ഇയാള്‍ കേരളത്തിലെത്തുകയും തുടർന്ന് പെൺകുട്ടിയെയും കൊല്ലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയുന്നത്.
ALSO READ:'ഗുലാബ്' ഞായറാഴ്‌ച കര തൊടും ; സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്ക്ക് സാധ്യത
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കൊല്ലം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മാതാവിനെ ബംഗാളിൽ നിന്ന് എത്തിച്ച് പെൺകുട്ടിയുടെ സംരക്ഷണം ഏൽപ്പിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണൻ ഐ.പി.എസ് ഇടപെട്ടാണ് മാതാവിനെ പശ്ചിമ ബംഗാളിൽ നിന്നും തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തിച്ചത്.
കൊല്ലം അസിസ്റ്റൻ കമ്മിഷണർ ജി.ഡി വിജയകുമാറിന്‍റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ പുഷ്പലത, എസ്.സി.പി.ഒമാരായ അനിത, മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.