കൊല്ലം : വിവിധ മാധ്യമങ്ങളിൽ വ്യത്യസ്ത വസ്‌തുക്കള്‍ ഉപയോഗിച്ച് ഇഷ്ടതാരങ്ങളുടെ ഛായാചിത്രങ്ങൾ പൂർത്തിയാക്കി ശ്രദ്ധേയരായ നിരവധി കലാകാരരുണ്ട്. അത്തരത്തിൽ മരക്കാറിലെ മോഹൻലാലിന്‍റെ നിഴൽ ചിത്രം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുകയാണ് കൊല്ലം പന്മന സ്വദേശി ജിഷ്ണു. കറുത്ത ചാർട്ട് പേപ്പർ ഉപയോഗിച്ചാണ് ജിഷ്ണു ചിത്രം ഒരുക്കിയത്.
ALSO READ: സിയാദിന്‍റെ വിരൽ തുമ്പിൽ വിരിയും വാഹനങ്ങളുടെ വർണ ചിത്രങ്ങൾ
എൻജിനീയറിങ് ബിരുദധാരിയായ ജിഷ്ണു 20 ദിവസത്തെ തയാറെടുപ്പും രണ്ട് ദിവസത്തെ പ്രയത്നവും കൊണ്ടാണ് നിഴൽച്ചിത്രം പൂർത്തിയാക്കിയത്. പ്രത്യേക രീതിയിൽ ഭിത്തിയിൽ ഒട്ടിച്ച കറുത്ത ചാർട്ട് പേപ്പർ കഷണങ്ങളിൽ പ്രകാശം പതിക്കുമ്പോൾ അത് ലാലേട്ടന്‍റെ ചിത്രമായി മാറും.
120 സെന്‍റിമീറ്റർ നീളവും വീതിയും ഉണ്ട് ചിത്രത്തിന്. അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത നിഴൽ ചിത്രരചന ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ജിഷ്‌ണു പറയുന്നു. മുമ്പ് ചുണ്ടുകൾ കൊണ്ട് തമിഴ് നടൻ വിജയുടെ ചിത്രം വരച്ച് ജിഷ്ണു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം നേടിയിരുന്നു. ചിത്രരചനയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്താനാണ് ഈ യുവ കലാകാരന്‍റെ തീരുമാനം.