കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ (Kollam Oyoor girl abduction case) സംഭവത്തിൽ പ്രതിയായ പത്മകുമാറിന്‍റെ വീട്ടിൽ നാലര മണിക്കൂര്‍ നീണ്ട് നിന്ന് തെളിവെടുപ്പ്(Kollam abduction case evidence collection). പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
തട്ടുകടയിലും തെളിവെടുപ്പ്: കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു. തട്ടി കൊണ്ടുവന്നശേഷം കുട്ടിയോട് എങ്ങനെ പെരുമാറി എന്തെല്ലാം ചെയ്‌തു എന്നീ കാര്യങ്ങളാണ് പുനരാവിഷ്‌കരിച്ചത്. വീട്ടിലെ തെളിവെടുപ്പിന് ശേഷം കുളമട കിഴക്കനേലയിലെ തട്ടുകടയിലേക്ക് പ്രതികളെ കൊണ്ടു പോയി.
തട്ടിക്കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് നടത്തും: രണ്ടാം പ്രതിയായ അനിതകുമാരി മോചനദ്രവ്യം ആവശ്യപ്പെട്ടത് ഇവിടുത്തെ കടയുടമയുടെ ഫോണിൽ നിന്നായിരുന്നു. തട്ടിക്കൊണ്ടു പോകാനായി പ്രതികൾ ഉപയോഗിച്ച കാറിന്‍റെ വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലവും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലവും കേന്ദ്രീകരിച്ച് ആയിരിക്കും അടുത്ത ദിവസം തെളിവെടുപ്പ് നടത്തുക. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാർ, മറ്റു ചില ബാങ്ക് രേഖകൾ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ നവംബർ 27നാണ് ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് കുട്ടിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. പിന്നീട് 21 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്.
പൊലീസ് അന്വേഷണത്തിൽ പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് കുട്ടിയെ സുരക്ഷിതമായി എത്തിക്കാന്‍ തീരുമാനിച്ചതെന്നും തുടർന്ന് തിരക്കേറിയ ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിക്കാൻ പദ്ധതിയിട്ടുവെന്നുമാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്ന മൊഴി.
ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് രണ്ടാം പ്രതിയും പത്മകുമാറിൻ്റെ ഭാര്യയുമായ അനിത കുമാരിയാണ്. ഓട്ടോയിലാണ് അനിത കുട്ടിയെ എത്തിച്ചത്. ഇരുവരും കൊല്ലം നഗരത്തിലേക്ക് നീല നിറത്തിലുള്ള കാറിലായിരുന്നു എത്തിയത്. തുടർന്ന് ലിങ്ക് റോഡില്‍ ഇവരെ ഇറക്കിവിട്ട ശേഷം പത്മകുമാർ വാഹനവുമായി ആശ്രാമം മൈതാനത്തിന് സമീപത്തായുള്ള ഒരു ജ്യൂസ് കടയ്‌ക്ക് അരികില്‍ കാത്തുനിൽക്കുകയായിരുന്നു.
അനിത കുമാരി ലിങ്ക് റോഡില്‍ നിന്നാണ് ആശ്രാമത്തേക്ക് കുട്ടിയുമായി ഓട്ടോയില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയെ അവിടെ ഇരുത്തിയ ശേഷം മറ്റൊരു ഓട്ടോയില്‍ കയറി പത്മകുമാറിന് അരികിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ബിഷപ്പ് ജെറോം നഗറിലെ ബേക്കറിയില്‍ കയറി വാര്‍ത്ത കണ്ടിരിക്കുകയും ചെയ്‌തിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് നിന്നും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നലെയാണ് ഇവര്‍ അവിടെ നിന്നും മടങ്ങിയത്.