കൊല്ലം: പഴമയുടെയും പാരമ്പര്യത്തിന്‍റെയും ഓർമപ്പെടുത്തലുമായി പ്രസിദ്ധമായ ഓച്ചിറക്കളി നടന്നു. ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ് യുദ്ധസ്‌മരണകൾ പുതുക്കി ഓച്ചിറക്കളി നടന്നത്. ഓണാട്ടുകരയുടെ ആയോധനകലയുടെ തനിമ നഷ്‌ടമാകാതെ അങ്കച്ചുവടകളും അടവുകളും പ്രദർശിപ്പിക്കാൻ വ്രതം നോറ്റുകൊണ്ട് യോദ്ധാക്കൾ ഓച്ചിറ പടനിലത്തെത്തി.
പോരാട്ടസ്‌മരണകളുമായി ഓച്ചിറക്കളി: പ്രത്യേക വായ്‌താരിയോടെ വടി, വാൾ, പരിച എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രത്തിന് സമീപമുള്ള എട്ടു കണ്ടത്തിൽ യോദ്ധാക്കൾ ഏറ്റുമുട്ടിയത്. ഒരു മാസത്തെ വ്രതാനുഷ്‌ടാനത്തോടു കൂടിയുള്ള പരിശീലനത്തിനൊടുവിലാണ് പ്രത്യേക വേഷവിധാനത്തോടെ ആയുധങ്ങളേന്തിയ യോദ്ധാക്കൾ കളിയാശാൻമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിയത്. പടനിലത്തെത്തിയ കളിസംഘങ്ങളെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും സ്ഥാനികളും ചേർന്ന് പരബ്രഹ്മ ഭൂമിയിലേക്ക് സ്വീകരിച്ചു.
തുടർന്ന് കരഘോഷയാത്രയും കരക്കളിയും നടന്നു. കരക്കളിയ്ക്ക് ശേഷം കരനാഥൻമാർ എട്ടു കണ്ടത്തിന്‍റെ മധ്യഭാഗത്തിറങ്ങി കരപറഞ്ഞ് ഹസ്‌തദാനം നടത്തിയാണ് കളി ആരംഭിച്ചത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾപ്പെടുന്ന ഓണാട്ടുകരയിലെ 52 കരകളിൽ നിന്നുമായി മുന്നൂറോളം സംഘങ്ങളാണ് കളിയിൽ പങ്കെടുത്തത്.
പരബ്രഹ്മത്തെ വിശ്വസ്വിച്ചാൽ ഉദ്ദിഷ്‌ട കാര്യങ്ങൾ നടക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഓച്ചിറക്കളിക്ക് എത്തുന്നതെന്ന് മൂന്ന് തലമുറയായി കളിസംഘങ്ങൾക്ക് നേതൃത്വം നൽകുന്ന കളിയാശാൻ പറയുന്നു. കളിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വസ്ത്രങ്ങളും അന്നദാനവും ഭരണസമിതി ഒരുക്കിയിരുന്നു. എട്ടു കണ്ടത്തിലെ കളിയ്ക്ക് ശേഷം തടി കണ്ടത്തിലും കളി നടത്തി ക്ഷേത്ര തീർഥക്കുളത്തിൽ സ്‌നാനത്തിന് ശേഷമാണ് യോദ്ധാക്കൾ പിരിഞ്ഞത്.