കൊല്ലം: നീറ്റ് പരീക്ഷ വിവാദത്തിൽ അഞ്ച് വനിത ജീവനക്കാർ അറസ്റ്റിൽ. മാര്‍ത്തോമ കോളജ് ജീവനക്കാരായ രണ്ട് പേരും ഏജന്‍സി ജീവനക്കാരായ മൂന്ന് പേരുമാണ് അറസ്‌റ്റിലായത്. കോളജ് ജീവനക്കാരായ എസ്.മറിയാമ്മ, കെ.മറിയാമ്മ എന്നിവരാണ് സംഭവത്തിലെ ആദ്യ രണ്ട് പ്രതികള്‍.
ഇവരാണ് വിദ്യാര്‍ഥികളെ വസ്‌ത്രം മാറാന്‍ കൂട്ടിക്കൊണ്ടു പോയത്. കോളജ് ജീവനക്കാരാണ് ഏറ്റവും മോശമായി പെരുമാറിയതെന്ന് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനികളോട് അടിവസ്ത്രം ധരിക്കാതെ പോകാനും ഇവര്‍ ആവശ്യപ്പെട്ടു.
പരിശോധനയ്ക്കായി അടിവസ്‌ത്രം അഴിച്ചുമാറ്റാന്‍ പറഞ്ഞപ്പോൾ വിഷമിച്ച നിന്നവരോട് ഇവിടെ വസ്ത്രമാണോ പരീക്ഷയാണോ വലുതെന്ന് ചോദിച്ചിരുന്നെന്നും വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു. പരീക്ഷ നടത്താൻ വേണ്ട അടിസ്ഥാന സൗകര്യം മാത്രമാണ് ചെയ്‌തെതെന്നും, സംഭവങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ലെന്നാണ് ആയൂര്‍ മാര്‍ത്തോമ കോളജ് അധികൃതര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഏജൻസിയിലെ ജീവനക്കരായ ഗീതു, ബീന, ജ്യോത്സ്ന എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരാണ് മെറ്റല്‍ ഡിക്‌ടറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.
പത്ത് പേരടങ്ങിയ സംഘമാണ് മാർത്തോമ കോളജിലെ പരീക്ഷ നിയന്ത്രിച്ചത്. മുൻ പരിചയമില്ലാത്തവരാണ് ഇവരെന്നും പൊലീസ് പറയുന്നു. വിദ്യാർഥിനികളെ അവഹേളിച്ചവരെ തിരിച്ചറിയുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.