കൊല്ലം: മുംബൈയിൽ ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട ബാർജ് എണ്ണ കപ്പലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്ത് സ്വദേശി ആന്‍റണി എഡ്വിൻ (27) ആണ് മരിച്ചത്. ഒ.എൻ.ജി.സിയിലെ എൻജിനിയർ ആയിരുന്നു ആൻ്റണി. അപകടത്തിൽ ആന്‍റണി രക്ഷപെട്ടിരുന്നുവെങ്കിലും കഴിഞ്ഞ 2 ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണവാർത്ത പുറത്തറിഞ്ഞത്.
നാല് വർഷമായി മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു ആന്‍റണി. രണ്ട് വർഷത്തിന് മുൻപാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് ആൻ്റണി അവസാനമായി വീട്ടിലേക്ക് ഫോണിൽ വിളിച്ചത്. മത്സ്യത്തൊഴിലാളിയായ എഡ്വിൻ്റെയും, വിമലയുടെയും മകനായ ആൻ്റണി അവിവാഹിതനാണ്.
Also Read: ബാർജ് അപകടം : 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 49 പേര്‍ക്കായി തിരച്ചില്‍