കൊല്ലം: ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റു വിഭജന ചർച്ച പൂർത്തിയായി. 14 സീറ്റിൽ സി.പി.എമ്മും ഒമ്പത് സീറ്റിൽ സി.പി.ഐയും മത്സരിക്കും. ഓരോ സീറ്റ് വീതം കേരളാ കോൺഗ്രസ് ബി, കേരളാ കോൺഗ്രസ് ജോസ്, ആർ.എസ്.പി.എൽ എന്നിവരും മത്സരിക്കും. കലയപുരം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും ചവറ ആർ.എസ്.പി.എല്ലിനും വെട്ടിക്കവല കേരള കോൺഗ്രസ് ബി വിഭാഗത്തിനും നൽകാനാണ് ധാരണ.
അതേസമയം കലയപുരം വേണ്ടെന്നും ചവറ വിട്ടു കിട്ടണം എന്നുമുള്ള വാശിയാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനുള്ളത്. സി.പി.എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ആർ ചന്ദ്രമോഹൻ എന്നിവരുമായി നടത്തിയ ചർച്ചയിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചവറ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇടതുമുന്നണിയുടെ സമ്മർദത്തിനു വഴങ്ങി ജോസഫ് വിഭാഗം കലയപുരം ഏറ്റെടുക്കാനാണ് സാധ്യത. സി.പി.എം 15 സീറ്റ്, സിപിഐ ഒമ്പത് സീറ്റ്, കേരള കോൺഗ്രസ് ബി ഒരു സീറ്റ് എന്നിങ്ങനെയാണ് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും.