കൊല്ലം : കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ നടന്നത് നാടകീയ പണം തട്ടല്‍. ലാബ് മാനേജരുടെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തി എത്തിയ ആളാണ് 8500 രൂപ തന്ത്രപൂർവം കൈക്കലാക്കി കടന്നുകളഞ്ഞത്. തിങ്കളാഴ്ച വൈകുന്നരം പണം തട്ടിയയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് കരുനാഗപ്പള്ളിയിലെ നീതി ലാബിൽ വന്നുകയറിയ ആളാണ് മോഷണം നടത്തിയത്. ഒരു ജീവനക്കാരി മാത്രമായിരുന്നു ഈ സമയം ലാബിൽ. ലാബിന്‍റെ മാനേജരുടെ പരിചയക്കാരനെന്ന് പറഞ്ഞാണ് ഇയാൾ ജീവനക്കാരിയോട് സംസാരിച്ചത്. തുടർന്ന് മാനേജരോട് സംസാരിക്കുകയാണെന്ന വ്യാജേന ഫോണുമായി ജീവനക്കാരിയ്ക്ക് മുന്നിൽ നടന്ന് അഭിനയമായി.
ഒടുവിൽ 8500 രൂപ തനിക്ക് നൽകാൻ മാനേജർ പറഞ്ഞെന്ന് ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചു. ഫോൺ സംഭാഷണം സത്യമെന്ന് കരുതിയ ജീവനക്കാരിയാവട്ടെ മേശവലിപ്പിലുണ്ടായിരുന്ന പണം കള്ളന് കൈമാറുകയും ചെയ്തു. പണം വാങ്ങിയ ഉടനെ കള്ളൻ കടയ്ക്ക് പുറത്തിറങ്ങി ഓടി. പിന്നീട് മാനേജർ വന്നപ്പോഴാണ് ജീവനക്കാരി അമളി മനസിലാക്കിയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.