കൊല്ലം: ഒരു ഗുണ്ടാ ആക്രമണം തകര്‍ത്തെറിഞ്ഞത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകളും ഏക അത്താണിയുമാണ്. ഒരു സംഘം വീടാക്രമിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നതിന്‍റെ പേരില്‍, അവ മാധ്യമങ്ങളിൽ വാര്‍ത്തയായതിന്‍റെ പേരിൽ, പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന കാരണത്താലാണ് മത്സ്യത്തൊഴിലാളിയായ ജോസഫ് ഇന്ന് ദുരവസ്ഥയിലായത്.
ആറംഗ സംഘത്തിന്‍റെ ആക്രമണം
കൊല്ലം ബൈപാസിന് സമീപം ആല്‍ത്തറ മൂട്ടില്‍ മത്സ്യകച്ചവടം നടത്തി കൊണ്ടിരുന്ന ജോസഫിനെ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ഇരുമ്പുവടി കൊണ്ട് കൈകാലുകള്‍ തല്ലി ഒടിക്കുകയും ചെയ്‌തിരുന്നു. നാട്ടുകാര്‍ നോക്കിനിക്കെയായിരുന്നു സംഭവം.
ഇരുട്ടിൽത്തപ്പി പൊലീസ്
മാരകമായി പരിക്കേറ്റ ജോസഫിനെ പ്രദേശവാസികളായ കച്ചവടക്കാരും നാട്ടുകാരും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം കഴിഞ്ഞ് നാളിതുവരെ പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പെലീസ് ഭാഷ്യം.
Also Read: ലോറി മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
കൊല്ലം ബൈപാസ് സിസിടിവിയില്‍ നിന്നുമാണ് പ്രതികളെ പറ്റിയുള്ള ഏകദേശ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ശക്തികുളങ്ങര പൊലീസും സൈമ്പര്‍ സെല്ലും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ഇരുട്ടിന്‍ മറവിലാണ്.
ആക്രമണം വൈരാഗ്യത്തെ തുടർന്ന്
രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ക്വട്ടേഷന്‍ ആണെന്ന് പൊലിസിന് മനസിലാകുന്നത്. ശക്തികുളങ്ങരയില്‍ സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് നടന്ന വീടാക്രമണവുമായി ബന്ധപ്പെട്ട് ഇടപെട്ടതിനെ ചൊല്ലിയാണ് ജോസഫിനെതിരെ ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. പ്രമുഖ വ്യവസായി ആണ് ഇതിന് പിന്നില്‍ എന്നാണ് ജോസഫ് പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി. പൊലീസ് കേസ് ഒതുക്കിതിര്‍ക്കാനുള്ള ശ്രമത്തില്‍ ആണെന്നും ആരോപണമുണ്ട്. മാര്‍ച്ച് 25ന് ആക്രണത്തിന് ഇരയായ ജോസഫ് ഇപ്പോഴും പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്.