കൊല്ലം: കൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും കലക്ടറുമായ ബി അബ്ദുല്‍ നാസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെയുള്ള വോട്ടെടുപ്പിന്‍റെ അവസാന മണിക്കൂറിൽ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്യാം. കൃത്യതയോടെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ 16,084 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ 7,376 പുരുഷന്മാരും 8,708 സ്ത്രീകളുമാണുള്ളത്. 189 കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 9,947 സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 3,784 എയ്ഡഡ് ഉദ്യോഗസ്ഥരും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള 1,220 പേരും 944 ബാങ്ക് ജീവനക്കാരും ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയില്‍ 2,809 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത മേഖലകളിലെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ഏഴ് കമ്പനി കേന്ദ്ര പൊലീസ് സേനയെയും വിന്യസിച്ചു.
ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 3,213 ആണ്. കരുനാഗപ്പള്ളി(321), ചവറ(268), കുന്നത്തൂര്‍(311), കൊട്ടാരക്കര(301),പത്തനാപുരം(282), പുനലൂര്‍(312), ചടയമംഗലം(305), കുണ്ടറ(307), കൊല്ലം(264), ഇരവിപുരം(265), ചാത്തന്നൂര്‍(277) എന്നിവയാണ് ജില്ലയിലെ മണ്ഡലങ്ങൾ. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ക്ക് സമയത്ത് എത്തുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം എട്ട് മണിക്ക് ശേഷവും ചാത്തന്നൂര്‍-കരുനാഗപ്പള്ളി, പുനലൂര്‍-കൊല്ലം, പത്തനാപുരം-കൊല്ലം, ശാസ്താംകോട്ട-കൊല്ലം, കരുനാഗപ്പള്ളി-കൊട്ടാരക്കര എന്നീ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി നിലവില്‍ 2,048 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നത്തൂര്‍ മണ്ഡലത്തിലെ 149, 150 ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കായി ബോട്ട് സര്‍വീസ് സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 21,35,830 ആണ്. ഇതില്‍ 11,18,407 സ്ത്രീകളും 10,174,06 പുരുഷന്മാരും 17 ഭിന്നലിംഗക്കാരും ഉണ്ട്. തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 3,966 വോട്ടിങ് മെഷീനുകളാണുള്ളത്. എഎസ്‌ഡി ലിസ്റ്റിലുള്ള വോട്ടര്‍മാരെ പ്രത്യേകം നിരീക്ഷിക്കും. ഇരട്ട-വ്യാജ വോട്ടര്‍മാരെ കണ്ടെത്താന്‍ എന്‍ഐസിയുടെ നേതൃത്വത്തില്‍ പ്രത്യേക ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ശിരോവസ്ത്രം, മുഖാവരണം എന്നിവ അടക്കമുള്ളവ ധരിച്ചെത്തുന്ന വോട്ടര്‍മാരെ ആവശ്യമെങ്കില്‍ തിരിച്ചറിയല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍ അറിയിച്ചു.