കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായിട്ട് 73 വർഷം പിന്നിട്ടു. സംസ്ഥാനത്ത് 14 ജില്ലകളിൽ ആദ്യം രൂപീകരിക്കപ്പെട്ട നാല് എണ്ണത്തിൽ ഒന്നാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും വടക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളും കിഴക്ക് തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കൊല്ലം.
സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ കൊല്ലം 1949 ജൂലായ് ഒന്നിനാണ് പിറന്നത്. 1956 നവംബർ ഒന്നിന് കേരളം പിറന്നപ്പോൾ ഈ നാല് ജില്ലകൾക്ക് പുറമേ മലബാർ ജില്ല കൂടി സംസ്ഥാനത്തിന്‍റെ ഭാഗമായി. സംസ്ഥാനത്ത് വിസ്‌തൃതിയിൽ എട്ടാം സ്ഥാനമുള്ള കൊല്ലത്തിന്‍റെ വിസ്‌തൃതി 2491 ചതുരശ്ര കിലോമീറ്ററാണ്.
തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെയാണ് തിരുവിതാംകൂറിലെ കൊല്ലം ഡിവിഷൻ കൊല്ലം ജില്ലയായി തീർന്നത്. 1859-ൽ എട്ട് താലൂക്കുകൾ ചേർത്ത് കൊല്ലം ഡിവിഷൻ രൂപീകരിക്കപ്പെട്ടു. പത്തനാപുരം, പുനലൂർ, കുന്നത്തൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം എന്നിങ്ങനെ ആറ് താലൂക്കുകളാണ് കൊല്ലം ജില്ലയില്‍ ഉള്ളത്.
കൊല്ലം കോർപ്പറേഷൻ, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ നാല് നഗരസഭകൾ, 13 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപ്പഞ്ചായത്തുകൾ എന്നിവ അടങ്ങിയ ജില്ലയിലെ ജനസംഖ്യ 26,29,703 ആണ്. ടുറിസത്തിന് പ്രാധാന്യമുള്ള അഷ്‌ടമുടി കായലും, തങ്കശേരി ലൈറ്റ് ഹൗസും, ജഡായു പാറയും, മൺറോ തുരുത്തും എല്ലാം ജില്ലയുടെ മാറ്റു കൂട്ടുന്നു.