കൊല്ലം: കഴിഞ്ഞ 10 ദിവസത്തിനിടെ കൊല്ലം ജില്ലയിൽ 2500 ഓളം പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഓരോ പത്ത് ദിവസം കൂടുന്തോറും കൊവിഡ് രോഗികളുടെ കണക്കിൽ ആയിരത്തിൽ അധികമാണ് വർധന. നേരത്തെ രോഗം സ്ഥിരീകരിക്കുന്നതിന് ആനുപാതികമായി രോഗമുക്തി നേടുന്നവരും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രോഗമുക്തി രോഗബാധയേക്കാൾ കുറവാണ്.
നേരത്തെ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും കാര്യമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച വലിയൊരു ശതമാനം പേർക്കും രോഗ ലക്ഷണങ്ങൾ ഉണ്ട്. ഇതിൽ പത്തു ശതമാനത്തിലധികം പേർ ഗുരുതരാവസ്ഥയിലാണ്.
കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ 15 മുതൽ 25 കുടുംബങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരണം ശക്തമാക്കുകയാണ് ജില്ലാ ഭരണകൂടം. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുകയാണ് ക്ലസ്റ്റർ രൂപീകരണത്തിന്‍റെ മുഖ്യലക്ഷ്യം. ഇതുവരെ 23000 ക്ലസ്റ്ററുകൾ ആണ് വിവിധ പ്രദേശങ്ങളിൽ രൂപീകരിച്ചത്. ജനങ്ങളുടെ സ്വയം പ്രതിരോധത്തിൽ ഉണ്ടാകുന്ന വീഴ്ച കൊവിഡ് വ്യാപനത്തിന് വഴിയൊരിക്കും എന്നിരിക്കെ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം എന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.