കൊല്ലം:പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മൂന്ന് പേരും വീടുകളിലേക്ക് മടങ്ങിയതോടെ കൊല്ലം ജില്ല കൊവിഡ് മുക്തമായി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രാക്കുളം സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ അൻപതു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വിദേശത്ത് നിന്നെത്തിയ ബന്ധുവിൽ നിന്നാണ് ഇവർക്ക് കൊവിഡ് പകർന്നത്.
വീട്ടമ്മയെ കൂടാതെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ദമ്പതികളും ആശുപത്രി വിട്ടു. ജില്ല രോഗമുക്തി നേടിയെങ്കിലും കിഴക്കൻ മേഖലകളിൽ ഉൾപടെ കനത്ത ജാഗ്രത തുടരുകയാണ്. കൊവിഡ് രോഗികൾ ഏറെയുള്ള തമിഴ്നാട്ടിലെ തെങ്കാശിയുമായി അതിർത്തി പങ്കിടുന്ന ആര്യങ്കാവ്, തെൻമല, കുളത്തുപ്പുഴ എന്നിവടങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കുന്നു. ത്യക്കരുവ പഞ്ചായത്തിലെ നാലും പുനലൂർ നഗരസഭയിലെ ഒരു വാർഡും ഹോട്ട് സ്‌പോട്ടുകളാണ്.