കൊല്ലം: ജില്ലയിൽ ഇന്ന് നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 വയസ്സുള്ള കുളത്തൂപ്പുഴ സ്വദേശി, പുത്തൂർ കരിമ്പുഴ സ്വദേശി(27), ചവറ വടക്കുംഭാഗം സ്വദേശി(30), പരവൂർ സ്വദേശി(43)എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലുപേരും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുളത്തൂപ്പുഴ സ്വദേശി മെയ് 28 ന് കണ്ണൂരിലും തുടർന്ന് കരുനാഗപ്പള്ളിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലും തുടരുകയായിരുന്നു. ജൂൺ മൂന്നിന് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തെ ഗൃഹനിരീക്ഷണത്തിൽ മാറ്റിയിരുന്നു. ജൂൺ 14 ന് വീണ്ടും നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പുത്തൂർ സ്വദേശി ജൂൺ 12ന് കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി കെഎസ്ആർടിസി സ്പെഷ്യൽ സർവീസിൽ കൊല്ലത്തെത്തി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തുടരുകയായിരുന്നു.
വടക്കുഭാഗം സ്വദേശി ജൂൺ 11ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ ഇറങ്ങി ടാക്സിയിൽ കൊല്ലത്തെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. പരവൂർ സ്വദേശി ജൂൺ 11 ന് സൗദി അറേബ്യയിൽ നിന്നും കണ്ണൂരിലും തുടർന്ന് ടാക്സിയിൽ കൊല്ലത്ത് എത്തി ഗൃഹനിരീക്ഷണത്തിൽ തുടരുകയായിരുന്നു. അതിനിടെ ജൂൺ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച 19 വയസ്സുള്ള പുനലൂർ സ്വദേശിനി രോഗം ഭേദമായി ആശുപത്രി വിട്ടു.