കൊല്ലം: ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബെയില്‍ നിന്നും വന്ന കൊട്ടിയം സ്വദേശിയ്ക്കും, റിയാദിൽ നിന്നും വന്ന പുനലൂര്‍ സ്വദേശിക്കും, അബുദാബിയിൽ നിന്നും വന്ന തഴവ മണപ്പുറം സ്വദേശിക്കും.കൊല്ലം സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 29പേരാണ് ആശുപത്രിയില്‍ പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
തിരിച്ചെത്തുന്ന പ്രവാസികളിൽ കൂടുതലായി കൊവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കൊവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കലക്‌ടർ അഭ്യർത്ഥിച്ചു.