കൊല്ലം: അപകടങ്ങൾ ചിലപ്പോഴെല്ലാം ചില ജീവിതങ്ങളെ മാറ്റി മറിക്കും. കവി, ഗായകൻ, ചിത്രകാരൻ ഇതെല്ലാമായിരുന്ന ചെറുപ്പക്കാരന്‍റെ ജീവിതം ഒരു അപകടം കൊണ്ട് വേദന മാത്രം നിറയേണ്ടതാണ്. പക്ഷേ കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയായ സനോജ് തോല്‍ക്കാൻ തയ്യാറല്ലായിരുന്നു. വാഹനാപകടത്തില്‍ വലതു കൈ നഷ്ടമായ സനോജ് ജീവിതത്തെ തിരികെ പിടിച്ചത് ഇടതുകൈ കൊണ്ട് മാത്രമാണ്.
കൊവിഡ് കാലത്തെ സനോജ് പുഞ്ചിരിച്ചുകൊണ്ട് നേരിടുകയാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി സമൂഹത്തിന് മുന്നില്‍ സനോജ് അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ എം.എ നിഷാദ് അതിഥി വേഷത്തിലെത്തുന്ന "ദ മാസ്ക്" എന്ന ഡോക്യുമെന്‍ററി സമൂഹത്തില്‍ ചർച്ചയാകുമ്പോൾ സനോജ് സന്തോഷത്തിലാണ്. സ്വന്തം അനുഭവമാണ് ഈ ഡോക്യുമെന്‍ററിക്ക് പിന്നിലെന്ന് സനോജ് പറയുന്നു.
കവിതയും ചിത്ര രചനയുമായി സനോജ് തിരക്കിലാണ്. പിന്തുണയുമായി അമ്മ സരള ഭായിയും ഭാര്യ വിജിയും മകൻ യുവനും ഒപ്പമുണ്ട്. തന്‍റെ ആദ്യ ഹ്രസ്വ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷത്തിലാണ് സനോജും കുടുംബവും.