കൊല്ലം: കൊവിഡ് വീണ്ടും വ്യാപിക്കുമ്പോൾ ജനം ആശങ്കയിലാണ്. ഒരു വർഷം മുൻപ് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോൾ അടിയന്തര ചികിത്സയ്ക്കായി തദ്ദേശ സ്ഥാപനങ്ങൾ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീന്‍റ്‌മെന്‍റ് സെന്‍ററുകൾ ആരംഭിച്ചിരുന്നു. അങ്ങനെയാണ് 22 ലക്ഷത്തിലധികം ചെലവിട്ട് കൊല്ലം ജില്ലിയിലെ കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് സ്വകാര്യ സ്കൂളില്‍ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ ആരംഭിച്ചത്. 2020 ജൂലൈ 31ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ സെന്‍റർ ഉദ്ഘാടനം ചെയ്തു. പക്ഷേ ഇതുവരെയും ഒരു രോഗിക്ക് പോലും ഇവിടെ ചികിത്സ നൽകാൻ സാധിച്ചിട്ടില്ല. ഇരുന്നൂറോളം രോഗികളെ ചികിത്സിക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം പൂർത്തിയാക്കിയത്.
ആകെ നിർമാണ ചെലവ് 22,68,106 രൂപ. നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിന് 10,19,058 രൂപയും കിടക്ക വാങ്ങുന്നതിന് 10,17,812 രൂപയും ചെലവായെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. സ്വകാര്യ സ്കൂൾ കൊവിഡ് സെന്‍റർ ആക്കി മാറ്റുന്നതിനുള്ള ഇലക്ട്രിക്കൽ വർക്ക്, ഡോക്ടേഴ്സ് ക്യാബിൻ നഴ്സസ് ക്യാബിൻ, ഡോണിങ് ആൻഡ് ഡോഫിങ് റൂം, രണ്ട് ടോയ്‌ലറ്റുകൾ, രോഗികൾ പുറത്ത് കടക്കാതിരിക്കാനുള്ള ഗ്രിൽ വർക്ക് എന്നിവ അടക്കമാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ.
സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ ട്രീന്‍റ്‌മെന്‍റ് സെന്‍ററിലെ രണ്ട് ക്ലാസ്സ് റൂമുകളും ഓഫിസും സ്കൂൾ അധികൃതർക്ക് തുറന്നു നൽകി. ബാക്കിയുള്ള ക്ലാസ് മുറികൾ പൂട്ടി താക്കോൽ ഇപ്പോഴും സൂക്ഷിക്കുന്നത് പഞ്ചായത്താണ്. ഇനിയും രോഗികളെ പ്രവേശിപ്പിക്കാനോ ചികിത്സ ആരംഭിക്കാനോ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം, എഫ്.എൽ.സി.ടി.സിയുടെ നിർമാണത്തിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നും കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.
കൂടുതൽ വായനയ്ക്ക്:കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി കൊല്ലം ജില്ല ഭരണകൂടം