കൊല്ലം: അനാഥത്വം ചിലപ്പോൾ ആരെയും വിഭ്രാന്തിയുടെ ലോകത്തേക്ക് കൊണ്ടുപോയേക്കാം. പക്ഷേ മനുഷ്യ സ്നേഹത്തിന്‍റെ ഉറവ വറ്റാത്ത കാലത്തോളം നമുക്ക് ആരെയും അങ്ങനെ വിഭ്രാന്തിക്ക് വിട്ടുകൊടുക്കാനാകില്ല. അങ്ങനെയൊരു ജീവിത കഥയാണ് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് നിന്ന് പറയാനുള്ളത്.
കൊട്ടിയം പറക്കുളം വയലിൽ പുത്തൻവീട്ടിൽ പരേതനായ ആർസി നായരുടെ ഭാര്യയാണ് കൃഷ്‌ണമ്മ. ഭർത്താവിനൊപ്പം പറക്കുളത്തെ മൂന്നു സെന്‍റ് പുരയിടത്തിലെ ചെറുകൂരയിലായിരുന്നു കൃഷ്‌ണമ്മയുടെ ജീവിതം. ഭർത്താവ് മരിച്ചതോടെ കൃഷ്‌ണമ്മ ഏകയായി. ഒറ്റപ്പെട്ട ജീവിതം മാനസിക വിഭ്രാന്തിക്ക് വഴിതെളിച്ചതോടെ കൃഷ്‌ണമ്മ പരിസരവാസികൾക്ക് ശല്യമായി തുടങ്ങി. പരിസരത്തെ വീടുകളിൽ രാത്രികാലങ്ങളിൽ തട്ടി വിളിക്കുകയും വാതിൽ തുറക്കുമ്പോൾ വീട്ടുകാരെ ആക്രമിക്കുന്നതും പതിവായതോടെ നാട്ടുകാർ പരാതിയുമായി കൊട്ടിയം പൊലീസിൽ എത്തി.
കൃഷ്‌ണമ്മയുടെ രോഗാവസ്ഥ മനസിലാക്കിയ എസ്‌ഐ സുജിത് സി നായർ ഇവര്‍ക്ക് ചികിത്സ നല്‍കാനുള്ള വഴി തേടുകയായിരുന്നു. ശക്തികുളങ്ങര സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ഗണേഷുമായി ചേർന്ന് കൃഷ്‌ണമ്മയെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. കൃത്യമായ പരിചരണത്തിലൂടെ ഒരു മാസത്തിനു ശേഷം കൃഷ്‌ണമ്മ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ ഗണേഷും എസ്ഐ സുജിതും എത്തി ഇവരെ ആശുപത്രിയിൽ നിന്നും ഏറ്റെടുത്തു. തുടർന്ന് കൃഷ്‌ണമ്മയെ പാരിപ്പള്ളിയിലെ ക്ഷമ കെയർ ഹോമിലേക്ക് മാറ്റുകയും ചെയ്‌തു. ജീവിതം ചിലപ്പോഴെല്ലാം ഇങ്ങനെയാണ്. കൃഷ്ണമ്മയുടെ മുഖത്ത് ഇപ്പോൾ പുഞ്ചിരിയാണ്. തെരുവില്‍ അലയേണ്ടി വന്ന തനിക്ക് പുതു ജീവിതം തന്നവരോടുള്ള നിറഞ്ഞ നന്ദി.