കൊല്ലം: കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ച ജില്ലയിലെ സ്‌കൂളുകളിലെ അധ്യയനം ആരംഭിച്ചു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിൽ ആദ്യത്തെ ഒരാഴ്‌ച ഉച്ചവരെ ബാച്ചുകളായാണ് അധ്യയനം. പ്രീ പ്രൈമറി ക്ലാസുകളുടേയും പ്രവർത്തനം ആരംഭിച്ചു. ഈ മാസം 21 മുതൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കും.
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അങ്കണവാടികൾ, ക്രഷുകൾ, കിൻ്റർ ഗാർഡനുകള്‍ തുറന്നത്. സ്‌കൂളുകളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകളിലും വിദ്യാർഥികൾ എത്തി. പതിവ് പോലെ രക്ഷിതാക്കളുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ അധ്യാപകർ മധുരവും കളിപ്പാട്ടങ്ങളും നൽകി സ്വീകരിച്ച് ക്ലാസുകളിലേക്ക് കൂട്ടികൊണ്ട് പോയി. കഴിഞ്ഞ ദിവസം തന്നെ അധ്യാപകരും പിടിഎ അംഗങ്ങളും ക്ലാസ് മുറികൾ ശുചീകരിച്ചിരുന്നു.
പ്രീ പ്രൈമറി ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളെ പങ്കെടുപ്പിച്ച് ഉച്ച വരെ ക്ലാസ് നടത്താം. പൊതു അവധി ഒഴികെയുള്ള മുഴുവൻ ശനിയാഴ്‌ചകളിലും സ്‌കൂളുകൾ പ്രവർത്തിക്കാം. ഈ മാസം 21 മുതൽ ഒന്ന് മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകൾ ബാച്ച് സമ്പ്രദായം ഒഴിവാക്കി മുഴുവൻ കുട്ടികളെയും ഒന്നിച്ചിരുത്തിയായിരിക്കും ക്ലാസുകൾ.
Also read: ചരിത്രത്തിലേക്ക് ചുവട് വച്ച് കേരളം; ഇരുവരും ട്രാൻസ്‌ജെൻഡറായ രാജ്യത്തെ ആദ്യ വിവാഹം