കൊല്ലം: പ്രമാദമായ ദേവനന്ദ തിരോധാന കേസിലടക്കം തുമ്പുണ്ടാക്കിയ കൊല്ലം സിറ്റി കെ-9 സ്ക്വാഡിലെ പൊലീസ് നായ അമ്മു (റീന) വിടവാങ്ങി. കാൻസർ ബാധിതയായി ജില്ല വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അടുത്തവര്‍ഷം ജനുവരി 26ന് അമ്മുവിന് ഒമ്പത് വയസ് തികയും.
ക്രൈം സീൻ ട്രാക്കറായ അമ്മു ലാബഡോർ ഇനത്തിൽപ്പെട്ട നായയാണ്. 2014 -15 കേരള പൊലീസ് അക്കാദമിയിലാണ് പരിശീലനം പൂർത്തിയാക്കിയത്. 2015 പകുതിയോടെ കൊല്ലത്തെ സേനയുടെ ഭാഗമായി.
കെ-9 261 എന്നാണ് ഔദ്യോഗിക നമ്പർ. റീന എന്നാണ് പേരെങ്കിലും സ്നേഹപൂർവം അമ്മു എന്നാണ് പൊലീസുകാർ വിളിച്ചിരുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ നെടുമ്പന ഇളവൂർ കിഴക്കേ കരയിൽ പ്രദീപ് കുമാറിൻ്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ തിരോധാന കേസിൽ അമ്മുവാണ് തുമ്പുണ്ടാക്കിയത്.
2020 ഫെബ്രുവരി 28ന് ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തി. കുട്ടി നദിക്കരയിലേക്കാണ് പോയതെന്ന് കണ്ടത്തിയത് അമ്മുവായിരുന്നു. ചാത്തന്നൂർ സ്റ്റേഷൻ പരിധിയിൽ അടുത്തിടെ ഒരു കുട്ടിയെ കാണാതായ കേസിലും അമ്മു തുമ്പുണ്ടാക്കിയിരുന്നു. ഇതായിരുന്നു അവസാന കേസ്.
2021ൽ ഡിജിപിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ ശനിയാഴ്‌ച രാവിലെ 10ന് സിറ്റി കെ സ്ക്വാഡ് ഹെഡ് ഓഫീസിൽ നടന്നു. സിറ്റി പൊലീസ് കമ്മിഷണർ റീത്ത് സമർപ്പിച്ചു.