കൊല്ലം: ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കായകൽപ് അവാർഡ്. ജില്ല ആശുപത്രിക്കുള്ള ഒന്നാം സ്ഥാനം ഉൾപ്പെടെ ജില്ലയിലെ ഒമ്പത് ആരോഗ്യ സ്ഥാപനങ്ങൾ അവാർഡിന് അർഹരായി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്.
50 ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഒന്നാം സ്ഥാനം നേടിയ കൊല്ലം ജില്ല ആശുപതിക്ക് ലഭിക്കും. ജില്ലാതലത്തിൽ പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി ഒന്നാം സ്ഥാനം സ്വന്തമാക്കി. 15 ലക്ഷം രൂപയാണ് അവാർഡ് തുക.
സബ്‌ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 7 ആശുപ്രതികൾക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ കമൻഡേഷൻ അവാർഡിന് കടയ്ക്കൽ താലൂക്ക് ആശുപ്രതിയും, കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപതിയും അർഹത നേടി.
ALSO READ കാക്കിക്കുള്ളിലെ കർഷകർ ; പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടി കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽമാർക്ക് നേടിയ, തൃക്കടവൂർ സിഎച്ച്സി ഒരു ലക്ഷം രൂപ, നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ മുണ്ടയ്ക്കൽ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 50,000 രൂപ, പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച അഴീക്കൽ എഫ്എച്ച്സി 2 ലക്ഷം രൂപയും സ്വന്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ചിതറ മാങ്കോട് എഫ്ച്ച്സി, തഴവ എഫ്എച്ച്സി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവാർഡിന് അർഹരായി. 50000 രൂപയാണ് സമ്മാന തുക. കായകൽപ് അവാർഡ് നേടിയ ജില്ലാ ആശുപത്രി അധികൃതരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയേൽ അനുമോദിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ല ആശുപ്രതിയുടെ വികസന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ വകയിരുത്തിയിരുന്നു. 2019-20 വർഷം രണ്ടാം സ്ഥാനം ലഭിച്ചു. തൊട്ടടുത്ത വർഷം തന്നെ ഒന്നാം സ്ഥാനത്തേക്കു നയിച്ച സൂപ്രണ്ട് ഡോ. ഡി. വസന്തദാസ്, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെയും അഭിനന്ദിച്ചു.
ALSO READ ഓൺലൈൻ ഷോപ്പിങിനും തോല്‍പ്പിക്കാനാവില്ല... കോയസന്‍റെ പീടികയിലെ കച്ചവടം എന്നും സൂപ്പർ ഹിറ്റാണ്