കൊല്ലം : ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ്. കണ്ടല്ലൂർ ഉണ്ണികൃഷ്‌ണൻ്റെ ശിക്ഷണത്തിൽ ആറ് വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയത്. നടൻ ജഗന്നാഥവർമ 74-ാം വയസിൽ തായമ്പക അഭ്യസിക്കുന്നുവെന്ന വാർത്തയാണ് ചെണ്ട പഠിക്കാന്‍ പ്രചോദനമായതെന്ന് സി.ആർ മഹേഷ് പറഞ്ഞു.
ആദ്യ വർഷത്തിൽ സാധകവും തുടർന്നുള്ള വർഷത്തിൽ കൈ, പതികാലം, കൂറ്, ഇടക്കാലം, ഇടവെട്ടം, ഇടനില, ഇരികിട തുടങ്ങിയ താളങ്ങളും അഭ്യസിച്ചു. പുലർച്ചെയും രാത്രിയിലുമായിരുന്നു പഠനം. തായമ്പക ശാസ്‌ത്രീയമായി തന്നെ പഠിക്കണമെന്ന ആഗ്രഹമാണ് പഠനം ആറ് വർഷത്തോളം നീളാൻ കാരണമായതെന്ന് എം.എൽ.എ പറയുന്നു.
പ്രസിദ്ധ നാടക, സിനിമ നടൻ ആദിനാട് ശശിയും മഹേഷിനൊപ്പം ഓച്ചിറയിൽ അരങ്ങേറ്റം കുറിച്ചു.