കൊല്ലം : കര്‍ക്കടക വാവ് ദിനമായ ഇന്ന് (28-07-2022)പിതൃസ്‌മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി ബലിതർപ്പണ ചടങ്ങുകൾ നടന്നിരുന്നില്ല.
കൊല്ലത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുമുല്ലാവാരം മഹാവിഷ്‌ണു ക്ഷേത്രം,അഷ്‌ടമുടി വീരഭദ്ര സ്വാമിക്ഷേത്രം,മുണ്ടക്കൽ പാപനാശം കടപ്പുറം എന്നിവിടങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. അന്യജില്ലകളിൽ നിന്ന് ഉൾപ്പടെ ആയിരങ്ങളാണ് ബലിതർപ്പണത്തിന് എത്തിയത്. ബുധനാഴ്‌ച രാത്രി 9 മുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്ന വിശ്വാസികൾക്കായി ദേവസ്വം ബോർഡും,കൊല്ലം കോർപ്പറേഷനും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. തിരുവിതാംകൂർ ദേവസ്വത്തിന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ ഒരേ സമയം 500 പേർക്ക് കർമങ്ങൾ ചെയ്യുവാനുള്ള ബലിപ്പുരകള്‍ ഒരുക്കിയിരുന്നു.
കര്‍ക്കടക മാസത്തിലെ അമാവാസി ദിവസമാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. കര്‍ക്കടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്ന് മണ്‍മറഞ്ഞുപോയ പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം.