കൊല്ലം: ചവറ പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. അഴിമതി രഹിതവും കൃത്യനിഷ്ഠയോടുകൂടിയുള്ളതുമായ സേവനം, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും അത് തടയുന്നതിനും സ്വീകരിക്കുന്ന സമീപനം, പൊതുജനങ്ങളോടുള്ള മാന്യമായ പെരുമാറ്റം, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം മികവുറ്റ രീതിയിൽ കാര്യക്ഷമമായി ലഭ്യമാക്കി ക്രമസമാധാന പരിപാലനത്തിലൂടെ ശാന്തതയും സമാധാനവും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ, വൃത്തിയായുള്ള പൊലീസ് സ്റ്റേഷൻ പരിചരണം, അധികാരപരിധിയിലെ പ്രശംസനീയമായ മറ്റ് പൊലീസിങ് പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾ കണക്കിലെടുത്താണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്.
ദീർഘ നാളത്തെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കുന്നത്. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എന്‍എച്ച്‌ആര്‍എഫ്) ചെയർമാനും ഇന്‍റര്‍നാഷണൽ അക്രെഡിറ്റേഷൻ ഫോറത്തിന്‍റെയും (ഐഎഎഫ്) ഇന്‍റര്‍നാഷണൽ അക്രെഡിറ്റേഷൻ ഓർഗനൈസേഷന്‍റെയും (ഐഎഒ) അംഗീകാരമുള്ള ജിപിയു ക്വാളിറ്റി മാനേജ്മെന്‍റ് സർവീസിന്‍റെ നാഷണൽ കോഡിനേറ്ററുമായ ഷഫീഖ് ഷാഹുൽ ഹമീദാണ് ചവറ പൊലീസ് സ്റ്റേഷന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ നല്‍കുമെന്ന് അറിയിച്ചത്.