കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ. ആറ് പുരുഷന്മാരും നാല് സ്‌ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഇവർ പിടിയിലായത്.
കൊല്ലം തീരത്ത് എത്തുന്ന ബോട്ട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. കഴിഞ്ഞ ദിവസം 11 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായതിന് പിന്നാലെയാണ് ഇന്ന്(06.09.2022) സ്‌ത്രീകളും, കുട്ടിയുമടങ്ങുന്ന ശ്രീലങ്കൻ സ്വദേശികളെ പള്ളിത്തോട്ടം പൊലീസ് പിടികൂടുന്നത്.
45 ദിവസത്തിനുള്ളില്‍ ബോട്ട് മാര്‍ഗം കാനഡയില്‍ എത്തിക്കാമെന്നാണ് കുടിയേറാന്‍ ശ്രമിച്ചവര്‍ക്ക് ഏജന്‍റ് നല്‍കിയിരുന്ന ഉറപ്പ്. വാടി തീരദേശ മേഖലയിലൂടെ നടന്ന് പോയ ഇവരെ കണ്ട് സംശയം തോന്നി തീരദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ(ഓഗസ്‌റ്റ് 5) പിടിയിലായ 11 പേർക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തിരുന്നു.
കൊളംബോ സ്വദേശിയായ ലക്ഷ്‌മണന്‍ ആണ് മനുഷ്യക്കടത്തിന്‍റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേര്‍ ലക്ഷ്‌മണന്‍റെ സഹായികള്‍ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
അതേസമയം, കാനഡയിലേക്ക് കടക്കാനുള്ള സംഘത്തിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. തമിഴ‍്‍നാട്ടിലെ കാരയ്‌ക്കല്‍ വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യ ശ്രമം. ഓഗസ്റ്റ് 16ന് നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാന്‍ ശ്രമിച്ചത്. ഈ സംഘത്തിൽപ്പെട്ട കൂടുതൽ പേർ കൊല്ലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.