കൊല്ലം: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ജലജ ഗോപന്‍റെ വീട്ടിലെ കിണറ്റിൽ യുവതി ആത്മഹത്യ ചെയ്തു. പെരുമ്പുഴ പുനുക്കന്നൂർ അരുൺ നിവാസിൽ മിനി (40) ആണ് ആത്മഹത്യ ചെയ്തത്. മിനിയുടെ വീടിന്‍റെ നിർമാണം ഏറ്റെടുത്തത് ജലജ ഗോപന്‍റെ ഭർത്താവ് ഗോപനായിരുന്നു. വീട് നിർമാണം പൂർത്തിയാക്കാത്തതിൽ മനം നൊന്താണ് മിനി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. രാവിലെയാണ് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ജലജ ഗോപന്‍റെ വീട്ടുമുറ്റത്തെ കിണറിന്‍റെ പാലത്തിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന്‍റെ പാലത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ജലജ ഗോപൻ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ 2018ൽ മിനിക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടനുവദിച്ചിരുന്നു. 9.5 ലക്ഷം രൂപക്ക് കരാർ എഴുതിയാണ് ഗോപൻ വീടിന്‍റെ നിർമാണം ഏറ്റെടുത്തത്. എന്നാൽ വീടിന്‍റെ നിർമാണം പൂർത്തിയാക്കാതെ കരാർ ഉപേക്ഷിക്കുകയായിരുന്നു. വീട് നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിനി നിരവധി തവണ കരാറുകാരനായ ഗോപന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇത് പലപ്പോഴും കലഹമായി മാറുയിരുന്നു. 9.5ലക്ഷത്തിന് നിർമാണ കരാറെഴുതിയ വീടിന് പെരുമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ലോണായി എടുത്ത 10 ലക്ഷം രൂപ ഉൾപ്പടെ 11.75 ലക്ഷം രൂപ ഗോപന് നൽകിയതായി മിനിയുടെ മകന്‍ അരുണ്‍ പറയുന്നു. ജലജ ഗോപന്‍റെ വീട്ടിൽ ഇതിനെ കുറിച്ച് സംസാരിക്കാൻ പോയ മിനിയെ ജലജ ഗോപനും മക്കളും ചേർന്ന് മർദിച്ചതായും ആത്മഹത്യ ചെയ്ത മിനിയുടെ മകൻ അരുൺ പറഞ്ഞു.
മിനിക്ക് രണ്ട് മക്കളാണ്. മകളുടെ വിവാഹം അടുത്തുവരുന്ന സാഹചര്യത്തിലാണ് വീടിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കി നൽകണമെന്ന് കരാറുകാരനോട് ആവിശ്യപ്പെട്ടത്. എന്നാൽ വീട് നിർമാണത്തിൽ ഇനി 75,000 രൂപ ഗോപന് നൽകാനുണ്ടെന്നും അതിൽ 50,000 രൂപ നൽകിയാൽ വീട് നിർമാണം പൂർത്തിയാക്കി നൽകാമെന്നും ഫോണിലൂടെ മിനിയെ അറിയിച്ചിരുന്നതായി ജലജ ഗോപന്‍ പറഞ്ഞു. ഫോറെൻസിക് വിഭാഗം മിനി ആത്മഹത്യ ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. കുണ്ടറ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.