കൊല്ലം: ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനം. വീടുകളിലും പള്ളികളിലും നിസ്കാരം. ചിലപ്പോൾ സമൂഹ നിസ്കാരങ്ങൾ. എല്ലാ മതസ്തരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള നോമ്പുതുറ. റംസാൻ കാലത്ത് കേരളം ഇതിനെല്ലാം സാക്ഷിയായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയായപ്പോൾ ആരാധനാലയങ്ങൾ പോലും അടച്ചിടേണ്ടി വന്നു. മലയാളി സമൂഹികമായി ആഘോഷിച്ചിരുന്ന വിഷുവും ഈസ്റ്ററുമെല്ലാം ആഘോഷങ്ങളില്ലാതെ കടന്നുപോയി. പുണ്യമാസമായ റംസാനും നിശബ്ദമായി കടന്നുപോകുകയാണ്.
ഇഫ്ത്താറും, ഇഹ്തിക്കാഫ്, തറാവിയും ഇല്ലാത്ത ദിനങ്ങൾ. ഓർമ്മകളിലെവിടെയും ആളൊഴിഞ്ഞ പള്ളികൾ ഒരു വിശ്വാസിയുടെയും മനസില്‍ ഉണ്ടാവില്ല. നിസ്കാരവും പ്രാർഥനയും വീടുകളില്‍ ഒതുങ്ങിയപ്പോൾ പള്ളികളില്‍ ഇമാമുമാർ ഏകരായി ലോക നന്മയ്ക്കായി പ്രാർഥനയില്‍ മുഴുകുകയാണ്.
കൊല്ലം ജില്ലയിലെ പുരാതനമായ കരുനാഗപ്പള്ളി വടക്കുംതല മുസ്ലീം ജമാഅത്ത് വിശ്വാസികളെ കൊണ്ട് നിറയേണ്ട സമയമാണിത്. പള്ളികളില്‍ എത്താൻ കഴിയാത്ത പ്രതിസന്ധി ദാന ധർമ്മങ്ങളിലൂടെ മറികടക്കുകയാണ് ഓരോ വിശ്വാസിയും. വടക്കുംതല ജമാഅത്തിലെ നിരവധി വിശ്വാസികൾ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കഴിഞ്ഞു. റംസാൻ മാസത്തിലെ വ്രതം ഒരു രക്ഷാകവചമായി ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ കാണണമെന്ന് വടക്കുംതല മുസ്ലിം ജമാഅത്ത് പള്ളി ഇമാം താജുദീൻ മന്നാനി പറഞ്ഞു.