കൊല്ലം: മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊല്ലത്ത് നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ട് വാഹനങ്ങള്‍ നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കില്‍ ഇന്നലെ വാഹനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയച്ചു.
അവശ്യ വസ്തുക്കളുടെ മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ശേഖരണ കേന്ദ്രമായ ടി എം വര്‍ഗീസ് ഹാളിലേക്ക് വസ്തുക്കള്‍ എത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ അഞ്ഞൂറിലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ അവശ്യ മരുന്നുകളുടെ വലിയ ശേഖരവും ലഭ്യമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നത് തുടരും.
കെ സോമപ്രസാദ് എം പി വിതരണ കേന്ദ്രം സന്ദര്‍ശിച്ച് സഹായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ, എഡിഎം പി ആര്‍ ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.