കൊല്ലം : കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ വീഴ്‌ച വരുത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. 2500 രൂപ പിഴ കെൽസയ്ക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിന് ശേഷം കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം 24 നുള്ളിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് വിഷ്‌ണു സുനിൽ പന്തളത്തിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി തേടിയത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു നടപടി.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണവും കേസും : കഴിഞ്ഞ ഫെബ്രുവരി 21നാണ് ചിന്നക്കടയില്‍ വച്ച് വിഷ്‌ണു സുനില്‍ പന്തളം അടക്കമുള്ള നേതാക്കളെ ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മന്ത്രി പി രാജീവിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വിഷ്‌ണു അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശ്യാം മോഹന്‍, ഡിവൈഎഫ്‌ഐ കൊല്ലം ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി സനോഫര്‍, ഡിവൈഎഫ്‌ഐ കൊല്ലം ബ്ലോക്ക് പ്രസിഡന്‍റ് മുഹമ്മദ് ബിലാല്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഷൈനുദ്ദീന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആനന്ദ് എന്നിവര്‍ അറസ്റ്റിലായിരുന്നു.
കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശ്യാം മോഹന്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് വിഷ്‌ണു ഹൈക്കോടതിയെ സമീപിച്ചു.
ഇതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഷ്‌ണുവിനും സംഘത്തിനും നേരെയുണ്ടായ ആക്രമണ കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് പൊലീസ് കമ്മിഷണര്‍ക്ക് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്.
വിഷ്‌ണു സുനില്‍ പന്തളത്തിന് വധ ഭീഷണിയും : യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനില്‍ പന്തളത്തിന് വധഭീഷണിയുണ്ടായതായും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചിന്ത ആഡംബര ജീവിതം നയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്‌ണു സുനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് വധഭീഷണിയുണ്ടാതെന്നാണ് വിഷ്‌ണുവിന്‍റെ പരാതി.
സംരക്ഷണമൊരുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി: യുവജന കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയതിന് ശേഷം വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ വിഷ്‌ണു സുനില്‍ പന്തളത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.