കൊല്ലം: ഒഴുക്കിനെതിരെ നീന്തി ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഡോൾഫിൻ രതീഷ്. കൈകാലുകൾ ചങ്ങലയ്ക്ക് ബന്ധിച്ച് പത്ത് കിലോമീറ്റർ ദൂരം ടി.എസ് കനാലിലെ ചുഴിയും വേലിയേറ്റവും താണ്ടി ഡോൾഫിൻ രതീഷ് നീന്തിക്കയറിയത് ഗിന്നസ് വേൾഡ് റെക്കാഡിലേക്ക്. അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്താണ് കരുനാഗപ്പള്ളി ചെറിയഴീക്കൽ കോവച്ചേരി വീട്ടിൽ രാധാകൃഷ്ണൻ - കുസുമജ ദമ്പതികളുടെ രണ്ടാമത്തെ മകനായ രതീഷ് (38) ഗിന്നസിൽ ഇടം നേടാനുള്ള ഔദ്യോഗിക ശ്രമം വിജയകരമാക്കിയത്. ഉഡുപ്പി സ്വദേശി ഗോപാൽ ഖാർപ്പി സ്ഥാപിച്ച 3.8 കിലോമീറ്റർ റെക്കാർഡ് ഭേദിക്കാനാണ് ഗിന്നസ് അധികൃതർ രതീഷിന് അനുമതി നൽകിയത്.
സാക്ഷിയാവാൻ മുൻ നാഷണൽ നീന്തൽ റെക്കോഡ് വിജയികളായ ലിജുവും അനൂജയും എത്തിയിരുന്നു. ഇവർ രതീഷിനൊപ്പം പ്രത്യേക ബോട്ടിൽ ടി.എസ്. കനാലിലൂടെ സഞ്ചരിച്ചു. ഇരുപത് സെന്‍റീമീറ്റർ നീളമുള്ള വിലങ്ങ് ഉപയോഗിച്ച് കൈകളും 30 സെന്‍റീമീറ്റർ നീളമുള്ള വിലങ്ങ് ഉപയോഗിച്ച് കാലുകളും ബന്ധിച്ചാണ് രതീഷ് ആഴങ്ങളിലേക്ക് നീന്തിയത്. രാവിലെ 8.45ന് പണിക്കർ കടവ് പാലത്തിന് സമീപം ആർ.രാമചന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. രതീഷിന് പിന്തുണയുമായി നാടൊന്നാകെ ടി.എസ് കനാലിന്‍റെ ഇരുകരകളിലും തടിച്ചുകൂടി. ഇവരുടെ ആർപ്പ് വിളികൾക്കിടയിലൂടെ നീന്തി തുടങ്ങിയ രതീഷ് ആദ്യ ഒമ്പത് കിലോമീറ്റർ നാല് മണിക്കൂറിൽ പിന്നിട്ടു. എന്നാൽ അവസാന ഒരു കിലോമീറ്റർ പൂർത്തിയാക്കാൻ ഒന്നര മണിക്കൂറെടുത്തു.
ചുഴിയും വേലിയേറ്റവും ആശങ്ക ഉയർത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് അഴീക്കൽ പാലത്തിന് കീഴിലെത്തിയ രതീഷിനെ നാട്ടുകാർ തോളിലേറ്റിയാണ് റെക്കോർഡ് നേട്ടം പങ്കിട്ടത്. ഇനി ഗിന്നസ് വേൾഡ് റെക്കാഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. 18 വർഷങ്ങളായി സാഹസിക നീന്തലിനൊപ്പമാണ് രതീഷിന്‍റെ ജീവിതം. മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണ നിരവധി പേരുടെ ജീവൻ രതീഷ് രക്ഷിച്ചിട്ടുണ്ട്. മൂന്ന് തവണ ലിംക ബുക്ക് ഓഫ് റെക്കോഡും ഒരു തവണ അറേബ്യൻ ബുക്ക് ഓഫ് റെക്കാർഡ്‌സും ലഭിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള നിരന്തര പരിശീലനമാണ് രതീഷിന്‍റെ നേട്ടങ്ങൾക്ക് പിന്നിൽ.