കൊല്ലം: നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്പിസി യൂണിറ്റിന് ഐഎസ്ഒ അംഗീകാരം. പുരസ്‌കാരദാന ചടങ്ങ് ചൊവ്വാഴ്ച രാവിലെ പത്തിന് സ്‌കൂള്‍ അങ്കണത്തിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പഠനം, സേവനം, അച്ചടക്കം എന്നീ ലക്ഷ്യങ്ങളുയർത്തി കുട്ടിപ്പൊലീസ് സംഘം നടത്തിയ വിവിധ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് യൂണിറ്റിന് അംഗീകാരം ലഭിച്ചത്. വേറിട്ട നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ യൂണിറ്റിന് സംസ്ഥാനത്തെ മികച്ച എസ്‌പിസി യൂണിറ്റിനുളള അംഗീകാരം ലഭിച്ചിരുന്നു. മികച്ച എസ്പിസി യൂണിറ്റ് സിപിഒയ്ക്കുള്ള അവാർഡ് അദ്ധ്യാപിക ജി. ശ്രീലതക്കും ലഭിച്ചിരുന്നു.
നഗരസഭാ അതിർത്തിയിലെ നൂറ്റിയമ്പതോളം കിടപ്പു രോഗികൾക്ക് സാന്ത്വനം പകർന്ന് നടത്തി വരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ട്രാഫിക് ബോധവൽക്കരത്തിനും ഗതാഗത നിയന്ത്രണത്തിനുമായി നടത്തി വരുന്ന പ്രവർത്തനങ്ങൾ തുടങ്ങി ഏറ്റെടുത്ത വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങളുടെ മികവിലൂടെയാണ് കുട്ടിപ്പൊലീസ് സംഘം മികവിന്റെ നെറുകയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തിന് സ്‌കൂള്‍ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഐജി പി. വിജയൻ സംസ്ഥാന എസ്‌പിസി യൂണിറ്റിന്‍റെ അഭിമാനമായ ഐഎസ്ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ഐഎസ്ഒ കേരള മാർക്കറ്റിങ് മാനേജർ എം. ശ്രീകുമാർ അവാർഡ് സമ്മാനിക്കും. ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം ആർ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്‌പിസി യൂണിറ്റ് സ്ഥാപിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ പി.കെ. മധു നിർവ്വഹിക്കും.