കൊല്ലം: ബസ് സ്റ്റോപ്പിൽ നിര്‍ത്തിയ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ച് ഒൻപതു പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ തുളസീധരൻ, കണ്ടക്ടർ ബേബി (44), യാത്രക്കാരായ ഹരിദേവൻ (75), ഗായത്രി (49), ലക്ഷ്മി (65), സുകുമാരൻ (70), സുരേഷ് (62), ഇന്ദിര(58), കുട്ടൻ (88) എന്നിവർക്കാണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരെയും പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
ഇന്ന് രാവിലെ ആറു മണിയോടെ പുത്തൻ തെരുവിന് സമീപം ദേശീയപാതയിലാണ് അപകടം. വള്ളിക്കാവിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പുത്തൻതെരുവിൽ യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തിയതായിരുന്നു. എറണാകുളത്തു നിന്നും ഗ്യാസ് നിറച്ച് പാരിപ്പള്ളിയിലെ ഫില്ലിംഗ് സ്റ്റേഷനിലേക്ക് വരികയായിരുന്ന ബുള്ളറ്റ് ടാങ്കർ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിനുള്ളിൽ മറിഞ്ഞുവീണ യാത്രക്കാർക്കാണ് പരിക്കേറ്റത്.
കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് ടാങ്കർ പരിശോധിച്ച് ഗ്യാസ് ചോർച്ച ഇല്ലെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ദേശീയപാതയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചവറ കെ.എം.എൽ.എല്ലിൽ നിന്നെത്തിയ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ വേർപെടുത്തി പാരിപ്പള്ളിയിൽ നിന്നെത്തിയ പുതിയ ക്യാബിനിൽ ഘടിപ്പിച്ചതിന് ശേഷമാണ് ടാങ്കര്‍ യാത്ര പുറപ്പെട്ടത്.