തിരുവനന്തപുരം: കെബി ഗണേഷ് കുമാറിൻ്റെ മന്ത്രിസ്ഥാനം സർക്കാരിൻ്റെ അവസാന രണ്ടര വർഷ കാലാവധിയിലേക്ക് മാറ്റിവച്ചത് കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് വിവരം. ഗണേഷിൻ്റെ പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടെ സ്വത്ത് സംബന്ധിച്ച് സഹോദരി ഉഷയുമായുള്ള തർക്കമാണ് പ്രശ്നമായത്. വിൽപത്രം സംബന്ധിച്ച് ക്രമക്കേടുണ്ടായതായി ഗണേഷിൻ്റെ സഹോദരി ഉഷ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതിപ്പെട്ടിരുന്നു.
ഇതോടെ തർക്കം പരിഹരിച്ചശേഷം ഗണേഷ് മന്ത്രിയാകട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സിപിഎം. അതേസമയം എൽഡിഎഫ് തീരുമാനത്തിൽ അസംതൃപ്തിയില്ല എന്ന് ഗണേഷ് പ്രതികരിച്ചു. സാമൂഹ്യമായ ചില ബാലൻസുകൾ നോക്കിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും പാർട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ പാർട്ടിയെ മെച്ചപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് താനേറ്റെടുത്തിരിക്കുന്നതെന്നും ഗണേഷ് പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: സിപിഎം, സിപിഐ മന്ത്രിമാര്‍ ആരൊക്കെ? ഇന്നറിയാം...
ഗണേഷിനെയും സോളാർ കേസിലെ വിവാദ വനിതയെയും സംബന്ധിച്ച വിവരങ്ങളും സഹോദരി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് വിവരം. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രത്തിൽ ഗണേഷ് ഇടപെട്ട് ക്രമക്കേട് നടത്തിയെന്നാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കും സഹോദരി നൽകിയിരിക്കുന്ന പരാതി. വിഷയം വിവാദമാകാൻ സാധ്യതയുള്ളതിനാലാണ് തുടക്കത്തിൽ മന്ത്രി സ്ഥാനം നൽകുന്നത് സംബന്ധിച്ച് സിപിഎം പുനർചിന്ത നടത്തിയത്.
2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഗണേഷ് കുമാറിന് 2013ൽ ആദ്യഭാര്യ ഡോ യാമിനി തങ്കച്ചി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. സ്വത്ത് തർക്കം സംബന്ധിച്ച പ്രശ്നം രമ്യമായി പരിഹരിച്ചാൽ രണ്ടാമൂഴത്തിൽ ഗണേഷിന് മന്ത്രിയാകാം. ആൻ്റണി രാജുവിന് നൽകുന്ന വകുപ്പാണ് പിന്നീട് ഗണേഷിന് കൈമാറുക.