കൊല്ലം: മത്സ്യഫെഡ് മണ്ണെണ്ണ ഡീസൽ വിലവർധനവ് പിൻവലിക്കും വരെ മേഖലയിലെ തൊഴിലാളികൾ സമരം ചെയ്യുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജെർമിയാസ്. ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കശ്ശേരി മണ്ണെണ്ണ ബങ്ക് ഉപരോധം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യലഭ്യതയുടെ കുറവ് കാരണം മേഖലയിലെ തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണയുടെയും ഡീസലിന്‍റെയും വില വർദ്ധനവ് താങ്ങാനാകാതെ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മേഖലയിലുള്ളവര്‍. തൊഴിലാളികളുടെ പ്രതിഷേധം ഫിഷറീസ് വകുപ്പ് കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. എസി ജോസ്, എൻ മരിയാൻ, എഡ്‌ഗർ സെബാസ്റ്റ്യൻ, യോഹന്നാൻ, കെ സുഭഗൻ, എസ് എഫ് യേശുദാസ്, എഫ്. അലക്‌സാണ്ടർ, ബൈജു തോമസ്, അഗസ്റ്റിൻ ലോറൻസ്, ജെ സെബാസ്റ്റ്യൻ, ജി.റൂഡോൾഫ്, ജാക്‌സൺ നീണ്ടകര, റോബർട്ട് മരിയാൻ, ബാബുമോൻ, മയ്യനാട് ലിസ്റ്റൻ, ആൻസിൽ, റാഫേൽ കുര്യൻ, ക്രിസ്റ്റഫർ, ജഗന്നാഥൻ, ആഷിക്, അജി പള്ളിത്തോട്ടം, ഗ്രേസി ജോബായ്, ബ്രിജിറ്റ്, ജോർജ്ജ് ചേപ്പാടൻ തുടങ്ങിയവര്‍ സംസാരിച്ചു.