കൊല്ലം: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് മര്‍ദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു. താന്നി ആദിച്ചമൺ തോപ്പിനടുത്ത് ഫിഷർമെൻ കോളനിയിൽ രാജുഭവനിൽ രാജുവാണ് (48) മരിച്ചത്. മത്സ്യ കച്ചവടത്തിനായി നല്‍കിയ പെട്ടി മാറിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ രാജുവിന്‍റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും മർദനമേറ്റിരുന്നു.
ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. രാജുവിന്‍റെ വീട്ടിലെത്തിയ ആറംഗ സംഘം പെണ്‍മക്കളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്‌ത രാജുവിനെയും ഭാര്യ മിനിയേയും സൈക്കിൾ, ചെടിച്ചട്ടി എന്നിവ ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ല ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു.
രാജുവിന്‍റെ ഭാര്യയുടെ സഹോദരിമാരുടെ മക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊര്‍ജ്ജിതമാക്കി.
Also read: പണം കാണാതെ പോയതില്‍ തര്‍ക്കം ; മകന്‍ അച്ഛനെ കല്ലുകൊണ്ട് അടിച്ച് കൊന്നു