കൊല്ലം: ആളിപടർന്ന തീകണ്ടപ്പോൾ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല ഈ കുരുന്നുകൾക്ക്. ചെരുപ്പ് പോലും ധരിക്കാതെ കൈയ്യിൽ കിട്ടിയ പാത്രങ്ങളിൽ വെള്ളവുമായി ശ്രീക്കുട്ടനും അനന്തുവും ആദിത്യനും ബിജിലും കുന്നിൻ മുകളിലേക്ക് ഓടിക്കയറി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മാലൂർ കോളേജിന് സമീപം വാഴക്കുന്ന് ഭാഗത്ത് കുന്നിൻമുകളില്‍ തീപിടിത്തമുണ്ടായത്. ചൂടിന്‍റെ കാഠിന്യം കൂടിയായപ്പോൾ തീ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമായി. മുതിർന്നവർ പോലും എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി നോക്കി നിൽക്കുമ്പോഴാണ് സമീപ വാസികളായ വിദ്യാർത്ഥികൾ രക്ഷാപ്രവർത്തനം നടത്തിയത്.
വളളിപടർപ്പിൽ പിടിച്ച തീ കായംകുളം - ഇടമൺ വൈദ്യുത ലൈനിന്‍റെ ട്രാൻഫോമറിനടുത്തേക്ക് വരെ പടർന്നിരുന്നു. ദുരന്തം മുന്നിൽ കണ്ട വിദ്യാര്‍ഥികളാണ് തീ നിയന്ത്രിക്കാൻ മുൻകൈയ്യെടുത്തത്. ഇതോടെ വന്‍ ദുരന്തം ഒഴിവായി. തുടർന്ന് ആവണീശ്വരത്ത് നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. അവസരോചിതമായ ഇടപെടൽ നടത്തിയ വിദ്യാർത്ഥികളെ അഗ്നിശമന സേനാംഗങ്ങള്‍ അഭിനന്ദിച്ചു.
മാലൂർ വാലുതുണ്ടിൽ വീട്ടിൽ ഓമനക്കുട്ടൻ - സൗമ്യ ദമ്പതികളുടെ മകനാണ് ആറാം ക്ലാസുകാരനായ ശ്രീക്കുട്ടൻ, ബാബു- രാജി ദമ്പതികളുടെ മകനാണ് നാലാം ക്ലാസ് വിദ്യാർത്ഥി ബിജിൽ. രതീഷ് അംബിക ദമ്പതികളുടെ മകനാണ് എട്ടാംക്ലാസുകാരനായ അനന്ദു, അനിൽകുമാർ- അമ്പിളി ദമ്പതികളുടെ മകനാണ് എട്ടാംക്ലാസ് വിദ്യാർത്ഥി ആദിത്യൻ.തീ അണക്കുന്നതിനിടെ മാലൂർ ഈട്ടിവിള പുത്തൻവീട്ടിൽ സജീവിന് ഇടതുകാലിന് പരിക്കേൽക്കുകയും ചെയ്തു.