കൊല്ലം: അടുത്ത വർഷം സംസ്ഥാനത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുകയാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ.
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാൻ കഴിയുമോ എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കഴിയില്ല എന്നായിരുന്ന മറുപടി. സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സയും മറ്റും നൽകുന്നത് നികുതി വരുമാനത്തിലൂടെയാണ്. കേന്ദ്ര സർക്കാർ ഒരുവർഷത്തിനകം ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട് എന്നതു ശരിയാണ്. 3,000 തൊഴിലാളികൾ പാടത്തു നിൽക്കുമ്പോൾ അവരുടെ തൊഴിൽ നഷ്ടപ്പെടുത്തി ടാക്ടർ ഇറക്കാൻ പാടില്ല. കമ്പ്യൂട്ടർ ഏർപ്പെടുത്തിയപ്പോൾ തൊഴിൽ നഷ്ടപ്പെടരുതെന്നാണ് പറഞ്ഞത്. അത്രയും പുതുമയൊന്നും സിൽവർ ലൈൻ പദ്ധതിക്കില്ല.
എന്നിട്ടും പ്രതിപക്ഷം അതിനെ എതിർക്കുകയാണ്. ലോകം മാറുകയാണ്. അതനുസരിച്ചുള്ള മാറ്റം സംസ്ഥാനത്തും വേണം. കേരളത്തിലെ യുവാക്കൾക്ക് ഇവിടെ ജോലി ചെയ്ത് ജീവിക്കാൻ അവസരം വേണം. വയോജനങ്ങളുടെ പേവാർഡായി കേരളം മാറരുത് എന്നും മന്ത്രി പറഞ്ഞു.