കൊല്ലം: പാർട്ടി പ്രവർത്തകരല്ലാത്തവരെ വിളിച്ച് യോഗം ചേർന്ന് ജില്ല പ്രസിഡന്‍റിനെതിരെ ആരോപണങ്ങളുന്നയിച്ചതിന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നേതാക്കളായ പ്രകാശ് മയൂരി, പടപ്പക്കര ബഞ്ചമിന്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്കനടപടി. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഒരു കൂട്ടം നേതാക്കൾ കുണ്ടറയിൽ യോഗം ചേര്‍ന്നത്.
ജില്ല പ്രസിഡന്‍റായ കല്ലട ഫ്രാൻസിസ്, കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഇവര്‍ ആരോപിച്ചത്. എന്നാൽ യോഗത്തിന് നേതൃത്വം നൽകിയ പ്രകാശ് മയൂരിയെയും, പടപ്പക്കര ബഞ്ചമിനെയും സാമ്പത്തിക ഇടപാടുകളുടെ പേരിൽ മാസങ്ങൾക്കുമുമ്പുതന്നെ പാർട്ടിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു.
പാർട്ടി അംഗങ്ങൾ അല്ലാത്തവരെ വിളിച്ച് യോഗം കൂടിയതിനും, പ്രസിഡന്‍റിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചതിനും 5 വർഷത്തേക്ക് ഇവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ജില്ല പ്രസിഡന്‍റ് കല്ലട ഫ്രാൻസിസ് പറഞ്ഞു.