കൊല്ലം : പത്തനാപുരത്ത് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിൽ റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
പത്തനാപുരം പാടത്തെ കശുമാവിൻ തോട്ടത്തിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററും ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും മേഖലയിൽ പരിശോധന നടത്തിയത്.
READ MORE: കൊല്ലത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി
എന്നാൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. നേരത്തെ യു.പി പൊലീസിന്‍റെ പിടിയിലായ തീവ്രവാദ സ്വഭാവമുള്ള സംഘടനയിലെ മലയാളികൾ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഫോറസ്റ്റും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
മേഖലയിൽ തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പിന്‍റെ സാന്നിധ്യം ഉണ്ടെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കേരള പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഗുരുഡിൻ പറഞ്ഞു.
READ MORE: പത്തനാപുരം ബോംബ് കേസ് അന്വേഷിക്കാന്‍ എടിഎസ്
അപരിചിതരായ ചിലരെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകി. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ ഫോറൻസിക് പരിശോധിക്കുകയാണ്. നേരത്തെ കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെടുത്ത സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.