കൊല്ലം : ലോക്‌ഡൗൺ നിലവിൽ വന്ന പശ്ചാത്തലത്തിൽ ബാറുകളും മദ്യ വില്‍പ്പന ശാലകളും പൂട്ടിയതോടെ കൊല്ലത്ത് വ്യാജ വാറ്റ് സജീവമാകുന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 250 ലിറ്ററോളം കോടയാണ് എക്‌സൈസ്, വനപാലക സംഘം കണ്ടെടുത്ത് നശിപ്പിച്ചത്. കൊല്ലം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ തെന്മല, കുളത്തുപ്പുഴ, പത്തനാപുരം എന്നീ സ്ഥലങ്ങളിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്.
കുളത്തുപ്പുഴ ഏഴംകുളം തച്ചന്‍കോണത്ത് ചാരായം വാറ്റുന്നതിനിടെ ബിന്ദു എന്ന യുവതിയെ കോടയുമായി എക്സൈസ് സംഘം പിടികൂടി. തച്ചന്‍കോണത്തുള്ള ബിന്ദുവിന്‍റെ വീട് കേന്ദ്രീകരിച്ചു വ്യാജ വാറ്റ് നടക്കുന്നുവെന്നു രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും വാറ്റുന്നതിനായി കുടങ്ങളില്‍ തയ്യാറാക്കി വച്ചിരുന്ന 60 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരുലിറ്റര്‍ ചാരായം 1,200 രൂപയക്കാണ് ഇവര്‍ വില്‍പ്പന നടത്തിവന്നതെന്ന് എക്സൈസ് പറഞ്ഞു. അതേസമയം തെന്മല മേഖലയിൽ എക്സൈസ് വനപാലക സംഘം നടത്തിയ സംയുക്ത പരിശോധനയില്‍ വലിയ പ്ലാസ്റ്റിക് വീപ്പയില്‍ തയാറാക്കി വച്ചിരുന്ന നൂറുലിറ്ററില്‍ അധികം കോട കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളും, ബാറുകളും അടച്ചിരിക്കുന്ന ഈ അവസരം മുതലെടുത്ത് കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് പെരുകാന്‍ സാധ്യത ഉണ്ടെന്നും നിരീക്ഷണവും പരിശോധനയും എക്സൈസ് കര്‍ശനമാക്കുമെന്നും അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു എന്‍ ബേബി പറഞ്ഞു.