കൊല്ലം: കൊല്ലം കിഴക്കേ കല്ലടയിലെ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍റർ തുറക്കാൻ തീരുമാനമായി. 22,68,000 രൂപ ചെലവാക്കി നിർമ്മിച്ച ഫസ്റ്റ് ലൈൻ കോവിഡ്ട്രീറ്റ്‌മെന്‍റ് സെൻ്റർ നിർമ്മിച്ചിട്ട് ഒൻപത് മാസം കഴിഞ്ഞു. എന്നാൽ ഒരു രോഗിയെ പോലും ചികിത്സിച്ചിട്ടില്ല എന്ന വർത്ത ഇടിവി ഭാരത് ഏപ്രില്‍ 20ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷമാണ് നടപടി.
2020 ജൂലൈ 31ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയാണ് കിഴക്കേ കല്ലടയിലെ സ്വകാര്യ സ്‌കൂളിൽ ഇരുന്നൂറോളം രോഗികളെ ചികിത്സിക്കാൻ കഴിയുന്ന ട്രീറ്റ്‌മെൻ്റ് സെൻ്റർ ഉദ്ഘാടനം ചെയ്തത്. കൊവിഡ് രണ്ടാം തരംഗം ശക്തമായപ്പോൾ പോലും കൊവിഡ് സെൻ്റർ തുറക്കാൻ പഞ്ചായത്ത് യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ഇടിവി ഭാരത് വാർത്ത പുറത്തുവന്നതോടെ നിലവിലെ പഞ്ചായത്ത് ഭരണസമിതി വിഷയം കലക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ തുറക്കാൻ കലക്‌ടർ പഞ്ചായത്തിന് നിർദേശം നൽകുകയായിരുന്നു.