കൊല്ലം: കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കുറ്റകരമായ അനാസ്‌ഥയെന്ന് റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെതാണ് അന്വേഷണ റിപ്പോർട്ട്. കൊല്ലം റൂറൽ എസ്.പിക്ക് കൈമാറിയ റിപ്പോർട്ടിൽ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ വീഴ്‌ചയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവിൽ കുറ്റാരോപിതനായ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രമോഹൻ സസ്‌പെൻഷനിലാണ്.
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ കടയ്ക്കലില്‍ വെച്ച് സിവിൽ പൊലീസ് ഓഫീസർ ബൈക്ക് നിർത്താനായി റോഡിൽ കയറി നിന്ന് ചൂരൽ വീശുകയും നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. പരിശോധനയ്ക്ക് ചൂരൽ ഉപയോഗിച്ചത് തെറ്റാണെന്നും ചൂരൽ ഉപയോഗിക്കുന്നത് കണ്ടിട്ടും വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയ എസ്.ഐ തടഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.ഐ ഷിബു ലാലിനും സി.പി.ഒ ചന്ദ്രമോഹനുമെതിരെ വകുപ്പുതല അന്വേഷണം നടത്തും. കൂടാതെ ലാത്തിക്കൊണ്ടെറിഞ്ഞു വീഴ്ത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.