കൊല്ലം: വിഭാഗീയതയ്‌ക്കും ചേരിതിരിവിനും നടുവിൽ സിപിഐ കൊല്ലം ജില്ല സമ്മേളനം ഇന്ന്(17.08.2022) തുടങ്ങും. കാനം പക്ഷവും കെ.ഇ ഇസ്‌മയിൽ, പ്രകാശ് ബാബു പക്ഷവും തുല്യശക്തികളായാണ് തുറന്ന പോരാട്ടം. സിപിഐയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് പുതിയ ജില്ല സെക്രട്ടറി സ്ഥാനം പിടിക്കുവാൻ ഇരുപക്ഷവും കച്ചമുറുക്കുകയാണ്.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും മുതിർന്ന നേതാവ് എൻ. അനിരുദ്ധനെ മാറ്റിയതോടെയാണ് കൊല്ലം ചേരിതിരിവ് സിപിഐയിലെ തുറന്ന പോരിലേക്ക് നീങ്ങിയത്. കാനം രാജേന്ദ്രൻ നേരിട്ടെത്തി കമ്മിറ്റി നിയന്ത്രിച്ചിട്ടു പോലും സംസ്ഥാന നേതൃത്വം തീരുമാനിച്ച ആർ രാജേന്ദ്രനെ ജില്ല സെക്രട്ടറിയാക്കാനാകാതെ നിരവധി തവണ പാർട്ടി യോഗങ്ങൾ തമ്മിലടിച്ച് പിരിയുകയായിരുന്നു.
ഒരു സ്ഥിരം ജില്ല സെക്രട്ടറിയെ ഇതുവരെ കണ്ടെത്താനായില്ല. വിവിധ മുതിർന്ന നേതാക്കൾക്ക് ജില്ല സെക്രട്ടറിയുടെ ചുമതല നൽകി സിപിഐ നേതൃത്വം മുന്നോട്ട് പോവുകയാണ്. ഇന്ന് ആരംഭിക്കുന്ന ജില്ല സമ്മേളനത്തിൽ പുതിയ സെക്രട്ടറിയെ കണ്ടെത്തുവാനുള്ള ചർച്ചകൾ സജീവമാകുമ്പോൾ ഇരുപക്ഷവും അണിയറയിൽ കരുനീക്കങ്ങൾ നടത്തുകയാണ്.
നിലവിലെ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ സ്ഥാനമൊഴിയുമ്പോൾ പകരം ആർ രാജേന്ദ്രനെ തന്നെ സെക്രട്ടറിയാക്കാനാണ് കാനം പക്ഷം ലക്ഷ്യമിടുന്നത്. ഇതിന് തടയിട്ടു കൊണ്ട് മുൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി. ലാലുവിനെയാണ് മറുപക്ഷം കളത്തിലിറക്കുക. സമവായം ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങളിൽ വന്ന ചില ചാഞ്ചാട്ടങ്ങളും പ്രാദേശിക സമ്മേളനങ്ങളിൽ കൈവരിച്ച മേധാവിത്വവും കാനം പക്ഷത്തിന് ആശ്വാസമാണ്. എങ്കിലും ശക്തമായ തിരിച്ചടിയ്‌ക്ക് തന്നെയാണ് പ്രകാശ് ബാബു പക്ഷം സജ്ജമാകുന്നത്. പ്രാദേശിക സമ്മേളനങ്ങളിൽ അലയടിച്ച വിഭാഗീയതയും ചേരിതിരിവും ജില്ല സമ്മേളനത്തിൽ ആളികത്തുമെന്ന് ഉറപ്പാണ്.
സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയത്തെ കുറിച്ചുള്ള ശക്തമായ വിമർശനവും സമ്മേളനത്തിൽ അലയടിക്കും. 405 പ്രതിനിധികളാണ് മൂന്ന് നാൾ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പ്രതിനിധികളായിട്ടുള്ളത്.